റയൽ മാഡ്രിഡും ഇന്റർ മിലാനും തമ്മിൽ നടന്ന മത്സരത്തിനിടയിൽ തന്റെ മുൻ സഹതാരമായ അഷ്റഫ് ഹക്കിമിയോട് കടുത്ത ഭാഷയിൽ പ്രതികരിക്കുന്ന റയൽ നായകൻ സെർജിയോ റാമോസിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പടർന്നു പിടിക്കുന്നു. വാശിയേറിയ മത്സരത്തിൽ ആദ്യം രണ്ടു ഗോളിനു മുന്നിലെത്തിയ റയലിനെതിരെ ഇന്റർ സമനില നേടിയെങ്കിലും റോഡ്രിഗോയുടെ ഗോളിൽ ആതിഥേയർ വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിനിടെ റയൽ ബോക്സിൽ വീണ് പെനാൽട്ടിക്കു വേണ്ടി ഹക്കിമി ശ്രമം നടത്തിയതാണ് റാമോസിനെ ചൊടിപ്പിച്ചത്. വീണു കിടക്കുന്ന ഹക്കിമിയെ ദേഷ്യത്തോടെ എഴുന്നേൽപ്പിച്ച റാമോസ് “ഒരെലിയെ പോലെ കരയാതെ എഴുന്നേൽക്കൂ” എന്നാണ് താരത്തോടു പറഞ്ഞത്. ‘സൺ ഓഫ് എ ബിച്ച്’ എന്ന പ്രയോഗവും റാമോസ് നടത്തി.
മത്സരത്തിൽ റയലിനു വേണ്ടിയുള്ള തന്റെ നൂറാം ഗോൾ റാമോസ് കുറിച്ചിരുന്നു. റാമോസിനും റോഡ്രിഗോക്കും പുറമേ ബെൻസിമ റയലിന്റെ മറ്റൊരു ഗോൾ നേടിയപ്പോൾ ഇന്ററിന്റെ ഗോൾ ലൗടാരോ മാർട്ടിനസ്, പെരിസിച്ച് എന്നിവരാണു സ്വന്തമാക്കിയത്.
മത്സരത്തിൽ ജയം സ്വന്തമാക്കിയെങ്കിലും ഗ്രൂപ്പിൽ റയൽ മൂന്നാം സ്ഥാനത്താണ്. ഇനി ഷക്തർ, ഇന്റർ എന്നിവർക്കെതിരെ എവേ മത്സരം ബാക്കിയുള്ള റയലിന് മികച്ച പ്രകടനം കാഴ്ച വെച്ചാൽ മാത്രമേ ചാമ്പ്യൻസ് ലീഗിൽ അടുത്ത ഘട്ടത്തിലേക്കു മുന്നേറാൻ കഴിയൂ.