മാഞ്ചസ്റ്റർ യുണൈറ്റഡിൽ വിപ്ലവകരമായ മാറ്റങ്ങളാണ് എറിക് ടെൻ ഹാഗ് പരിശീലകനായതിനു ശേഷം ഉണ്ടായിട്ടുള്ളത്. മറ്റൊരു പരിശീലകനുമില്ലാത്ത ധൈര്യം കാണിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയെ അദ്ദേഹം ബെഞ്ചിലിരുത്തിയിരുന്നു. അതിനു ശേഷം ക്ലബിനെതിരെ രൂക്ഷമായ വിമർശനം നടത്തി താരം ക്ലബ് വിടുകയും ചെയ്തു. എന്നാൽ റൊണാൾഡോ ക്ലബ് വിട്ടത് ഗുണമാണെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പിന്നീടുള്ള ഫോം വ്യക്തമാക്കിയത്.
എന്നാൽ ഇതുവരെ റൊണാൾഡോക്ക് പകരം ഒരു സ്ട്രൈക്കറെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഡച്ച് താരമായ വേഗോസ്റ്റിനെ ലോണിൽ ടീമിലെത്തിച്ചെങ്കിലും ഇതുവരെ രണ്ടു ഗോളുകൾ മാത്രമാണ് താരത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളൂ. അതുകൊണ്ടു തന്നെ അടുത്ത സമ്മറിൽ ഗോളടിക്കാനും അടിപ്പിക്കാനും കഴിവുള്ള സ്ട്രൈക്കറാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ലക്ഷ്യം.
അടുത്ത സീസണിലേക്ക് തന്റെ പ്രധാന ലക്ഷ്യമായ സ്ട്രൈക്കറെ എറിക് ടെൻ ഹാഗ് കണ്ടെത്തിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ടോട്ടനം ഹോസ്പറിന്റെ ഇംഗ്ലീഷ് സ്ട്രൈക്കറായ ഹാരി കെനിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നത്. കേനിന്റെ കരാർ അവസാനിക്കാൻ ഒരു വർഷം മാത്രമേ ബാക്കിയുള്ളൂ എന്നത് പരിഗണിച്ചാണ് താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് കരുക്കൾ നീക്കുന്നത്.
നിരവധി സീസണുകളായി ടോട്ടനം ഹോസ്പറിനു വേണ്ടി മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ഇതുവരെയും ഒരു കിരീടം പോലും ഉയർത്താൻ ഹാരി കേനിന് കഴിഞ്ഞിട്ടില്ല. ഈ സീസണിലും ടോട്ടനത്തിനു കിരീടം നേടാൻ കഴിയാത്തതിനാൽ ക്ലബ് വിടുന്നതിനെ കുറിച്ച് താരം ആലോചിക്കുന്നുണ്ടാകും. എന്നാൽ താരത്തിനായി വലിയ തുക തന്നെ ടോട്ടനം ആവശ്യപ്പെടുമെന്നുറപ്പാണ്.
🚨BREAKING NEWS🚨
— Manchester United Forever (@UnitedLatesNews) April 24, 2023
Erik Ten Hag and the #mufc board have decided that Harry Kane is the striker they want to transfer to Old Trafford this summer.
Kane wants to move to OT and he has asked to leave #Spurs, #mufc believes that an offer of 80M is enough for Harry Kane.#HarryKane pic.twitter.com/c1lzN7NvnD
നിരവധി വർഷങ്ങളായി പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന ഹാരി കേനിന്റെ പരിചയസമ്പത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ സഹായം നൽകുമെന്ന കാര്യത്തിൽ സംശയമില്ല. മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടനവും തമ്മിൽ നടന്ന കഴിഞ്ഞ മത്സരത്തിനിടെ ഹാരി കേനിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ടീമിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.