കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് ചെൽസിയിൽ നിന്നും ഇഡൻ ഹസാർഡ് റയൽ മാഡ്രിഡിലേക്കു ചേക്കേറുന്നത്. താരവും റയൽ ആരാധകരും ഏറെ ആഗ്രഹിച്ച ട്രാൻസ്ഫറായിരുന്നു അതെങ്കിലും ഇതുവരെയും അതിന്റെ ഗുണം ക്ലബിനു കിട്ടിയിട്ടില്ലെന്നതാണു സത്യം. 150 മില്യൺ യൂറോയോളം മുടക്കി ടീമിലെത്തിച്ച ഹസാർഡിനു തിരിച്ചടിയാകുന്നതു പരിക്കിന്റെ തുടർക്കഥകളാണ്.
പരിക്കുകൾ മൂലം നിരന്തരം മത്സരങ്ങൾ നഷ്ടപ്പെടുന്ന താരത്തിന്റെ ട്രാൻസ്ഫർ മൂല്യത്തിൽ അവിശ്വസനീയമായ രീതിയിലുള്ള ഇടിവു സംഭവിച്ചുവെന്നാണ് പ്രമുഖ ട്രാൻസ്ഫർ വെബ്സൈറ്റായ ട്രാൻസ്ഫർ മാർക്കറ്റ് വെളിപ്പെടുത്തുന്നത്. റയലിലേക്കുള്ള ട്രാൻസ്ഫറിനു മുൻപ് 150 ദശലക്ഷം യൂറോയോളം മൂല്യമുണ്ടായിരുന്ന താരത്തിന്റെ ഇപ്പോഴത്തെ ട്രാൻസ്ഫർ മൂല്യം 90 മില്യൺ കുറഞ്ഞ് 60 ദശലക്ഷം യൂറോ മാത്രമാണ്.
സിദാനു കീഴിൽ റയലിൽ തിളങ്ങുമെന്നു പ്രതീക്ഷിച്ചിരുന്ന താരത്തിന്റെ മനോഭാവത്തിൽ റയൽ ആരാധകർക്കും ക്ലബ് നേതൃത്വത്തിനുമെല്ലാം അതൃപ്തിയുണ്ട്. കഴിഞ്ഞ തവണയും ഇത്തവണയും താരം പ്രീ സീസണു വേണ്ടിയെത്തിയത് അമിതഭാരവുമായാണ്. സ്വന്തം ഫിറ്റ്നസിൽ ഒട്ടും ശ്രദ്ധയില്ലാത്ത താരത്തിന് അടിക്കടി പരിക്കു പറ്റുന്നതും മത്സരങ്ങൾക്ക് ഇറങ്ങാൻ കഴിയാത്തതും റയൽ മാഡ്രിഡിന്റെ പദ്ധതികളെ സാരമായി ബാധിക്കുന്നുണ്ട്.
ബേലിനു റയലിൽ സംഭവിച്ചത് ഹസാർഡ് ആവർത്തിക്കുമോയെന്ന പേടിയും റയൽ ആരാധകർക്കുണ്ട്. എന്നാൽ വെയിൽസ് താരം ടീമിന്റെ പല കിരീടവിജയത്തിലും നിർണായക പങ്കു വഹിച്ചപ്പോൾ ഒരു വർഷം കൊണ്ട് ഒരു ഗോൾ മാത്രമാണ് ഹസാർഡ് നേടിയതെന്നത് റയലിന്റെ ആശങ്ക വർദ്ധിപ്പിക്കുന്നു.