കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ആയിരുന്നു ബെൽജിയൻ സൂപ്പർ താരം ഈഡൻ ഹസാർഡ് ചെൽസി വിട്ട് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ട ഒഴിവിലേക്കായിരുന്നു ഹസാർഡിനെ റയൽ ചെൽസിയിൽ നിന്നും എത്തിച്ചത്. നൂറ് മില്യൺ യുറോക്ക് അഞ്ച് വർഷത്തെ കരാറിൽ ആയിരുന്നു ഹസാർഡ് റയൽ മാഡ്രിഡിൽ എത്തിയതെന്നായിരുന്നു റയൽ മാഡ്രിഡ് പുറത്തുവിട്ടത്.
എന്നാൽ റയൽ മാഡ്രിഡ് പുറത്തുവിട്ട കണക്കുകൾ വ്യാജമായിരുന്നു എന്നാണ് ഇപ്പോൾ പുതിയതായി പുറത്തു വരുന്ന വരുന്ന വാർത്തകൾ. നൂറ് മില്യൺ യുറോ അല്ല, മറിച്ച് 160 മില്യൺ യുറോക്കാണ് റയൽ മാഡ്രിഡ് ഹസാർഡിനെ ടീമിൽ എത്തിച്ചതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. പ്രശസ്ത മാധ്യമമായ എച്ച്എൽഎൻ സ്പോർട്ട് ആണ് ഈ വാർത്തയുടെ ഉറവിടം. 160 മില്യൺ യുറോ എന്നുള്ളത് റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയുമാണ്.
ഈ തുക മൂന്ന് ഗഡുക്കളായാണ് റയൽ ചെൽസിക്ക് നൽകുന്നത്. 40, 56, 64 മില്യൺ യുറോ ആണ് ഈ മൂന്ന് തവണകളിൽ റയൽ മാഡ്രിഡ് നൽകേണ്ടത്. ഇതിൽ 40 മില്യൺ യുറോ കഴിഞ്ഞ തവണ താരത്തെ എത്തിച്ചപ്പോൾ നൽകി. 56 മില്യൺ യുറോ ഈ സമ്മറിലും നൽകി കഴിഞ്ഞു. ഇനി ബാക്കിയുള്ള 64 മില്യൺ യുറോ അടുത്ത സമ്മറിലും റയൽ ചെൽസിക്ക് നൽകണം. ഇതാണ് HLN സ്പോർട്ട് പുറത്തു വിട്ടിരിക്കുന്ന കണക്കുകൾ.
വാർത്ത സത്യമാണെങ്കിൽ റയലിന്റെ റെക്കോർഡ് ട്രാൻസ്ഫർ തുകയായിരിക്കും ഇത്. മുമ്പ് 101 മില്യൺ യുറോ ഗാരെത് ബെയ്ലിനും 94 മില്യൺ യുറോ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും നൽകിയത് ആയിരുന്നു റെക്കോർഡ് ട്രാൻസ്ഫർ തുകകൾ. ഇതിനെയാണ് ഹസാർഡ് മറികടക്കുക. 2024 വരെയാണ് ഹസാർഡിന്റെ റയലിലെ കരാർ. ഒരു സീസണിൽ 14 മില്യൺ യുറോയാണ് താരത്തിന്റെ സാലറി. പക്ഷെ താരത്തിന് റയലിലെ ആദ്യ സീസണിൽ ഒട്ടും തിളങ്ങാൻ സാധിച്ചിരുന്നില്ല.