എൻസോ ഫെർണാണ്ടസ് ചരിത്രത്തിലെ ഏറ്റവും മികച്ച മധ്യനിര താരമാകുമെന്ന് ഹെർനൻ ക്രെസ്പോ

ഖത്തർ ലോകകപ്പിലെ ആദ്യത്തെ രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോഴാണ് എൻസോ ഫെർണാണ്ടസ് അർജന്റീനയുടെ ആദ്യ ഇലവനിൽ സ്ഥിരമായി ഇടം പിടിക്കാൻ തുടങ്ങിയത്. അതിനു ശേഷം പിന്നീടെല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇറങ്ങിയ താരം അർജന്റീനയുടെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കാണ് വഹിച്ചത്. മികച്ച പ്രകടനം നടത്തിയ താരം ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

ലോകകപ്പിന് പിന്നാലെ എൻസോക്ക് വേണ്ടി നിരവധി ക്ലബുകൾ താരത്തിനായി രംഗത്ത് വന്നെങ്കിലും ചെൽസിയാണ് സ്വന്തമാക്കുന്നതിൽ വിജയിച്ചത്. ബ്രിട്ടീഷ് ട്രാൻസ്‌ഫർ റെക്കോർഡ് തിരുത്തിയ തുകയ്ക്കാണ് എൻസോയെ ചെൽസി സ്വന്തമാക്കിയത്. താരത്തെ സ്വന്തമാക്കിയ ചെൽസിയുടെ തീരുമാനത്തെ പ്രശംസിച്ച് ക്ലബ്ബിന്റെയും അർജന്റീനയുടെയും മുൻ താരമായ ക്രെസ്പോ രംഗത്ത് വരികയും ചെയ്‌തിട്ടുണ്ട്.

“ഡിസംബറിൽ ലോകകപ്പ് വിജയം നേടിയപ്പോൾ എൻസോ എന്നെ സന്തോഷിപ്പിച്ചിരുന്നു. ഇപ്പോൾ ചെൽസിയിലേക്ക് ചേക്കേറിയപ്പോൾ താരം രണ്ടാം തവണയും എന്നെ സന്തോഷിപ്പിച്ചിരിക്കുകയാണ്. എനിക്ക് വളരെയധികം സന്തോഷമുണ്ട്, എനിക്ക് താരത്തെ ആലോചിക്കുമ്പോൾ വളരെയധികം അഭിമാനമുണ്ട്, എൻസോ വളരെ വളരെ മികച്ച താരമാണ്.” ക്രെസ്പോ പറഞ്ഞു.

“താരം മക്കലേലയും ഫ്രാങ്ക് ലാംപാർഡും ചേർന്നതാണ്. മക്കലേലയുടെ പൊസിഷനിലാണ് നിങ്ങൾക്ക് താരത്തെ കളിപ്പിക്കേണ്ടതെങ്കിൽ വളരെ മികച്ച പ്രകടനം നടത്തും. ഗോളുകൾ നേടാനും ഈ താരത്തിന് കഴിയും. ബോക്‌സിന് പുറത്തു നിന്നും ഷോട്ടുകൾ ഉതിർക്കാൻ കഴിവുള്ള താരത്തെ ലംപാർഡിനെയോ എസിയനെയോ പോലെ സ്‌ട്രൈക്കർക്ക് പിന്നിൽ കളിപ്പിക്കാനും നിങ്ങൾക്ക് കഴിയും.”

“ഒരു മാനേജരെന്ന നിലയിൽ ഒരുപാട് പൊസിഷനിൽ കളിക്കുന്ന താരത്തെ ലഭിക്കുന്നത് വലിയ കാര്യം തന്നെയാണ്, ഫുട്ബോളിൽ അത് വളരെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. മധ്യനിരയിൽ എന്ത് വേണമെങ്കിൽ ചെയ്യാനും താരത്തിന് കഴിയുമെന്നതിൽ യാതൊരു സംശയവുമില്ല. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മധ്യനിര താരമാകാൻ എൻസോ ഫെർണാണ്ടസിന് കഴിയും.” ക്രെസ്പോ പറഞ്ഞു.

5/5 - (1 vote)