‘കേരളത്തെ ഓർത്ത് ഞാൻ അഭിമാനം കൊള്ളുന്നു,നിങ്ങളെ കുറിച്ച് ഓർത്ത് സ്വയം അഭിമാനിക്കുക’ : ഇവാൻ വുകൊമാനോവിച്ച് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് 2023 -24 സീസണിൽ ഗംഭീര പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിക്കൊണ്ടിരിക്കുന്നത്. ലീഗ് പാതി വഴിയിൽ എത്തി നിൽക്കുമ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. പ്രമുഖ കളിക്കാരുടെ പരിക്കും സസ്‌പെൻഷനും മൂലം വലിയ പ്രതിസന്ധിയിലായ കേരള ബ്ലാസ്‌റ്റേഴ്‌സിനെ മുന്നോട്ട് നയിച്ചത് സെർബിയൻ പരിശീലകനായ ഇവാൻ വുകമനോവിച്ചിന്റെ തന്ത്രങ്ങളാണ്.

പ്രധാന താരങ്ങളുടെ അഭാവത്തിൽ യുവ താരങ്ങളിൽ വിശ്വാസമർപ്പിച്ച ഇവാൻ അവരിൽ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തെടുപ്പിക്കുകയും ചെയ്തു. പരിക്കേറ്റ സൂപ്പർ താരം അഡ്രിയാൻ ലൂണയുടെ അഭാവം ഉണ്ടായിരുന്നിട്ടും മുംബൈക്കെതിരെയുള കൊൽക്കത്തയിൽ മോഹൻ ബഗാനെതിരെയും വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചു എന്നത് വലിയ കാര്യം തന്നെയാണ്.ഒരു കളിക്കാരനെ മാത്രം ആശ്രയിച്ചല്ല കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ കളിക്കുന്നത് എന്നത് വ്യക്തമാണ്.

ചോരാത്ത കൈകളുമായി സച്ചിൻ സുരേഷ് ഗോൾ വല കാക്കുമ്പോൾ പ്രതിരോധത്തിൽ പിഴവുകളില്ലാതെ മിലോസ് -ലെസ്‌കോ സഖ്യം നിലനിൽക്കുന്നതാണ് കാണാൻ സാധിക്കുന്നത്. അയ്മനും അസറും വിബിനും രാഹുലും അടങ്ങിയ മിഡ്ഫീൽഡ് പ്രതീക്ഷക്കപ്പുറമുള്ള പ്രകടനമാണ് ഒരു മത്സരത്തിലും പുറത്തെടുക്കുന്നത്. മുന്നേറ്റ നിരയിൽ ലീഗിലെ ടോപ് സ്കോററായ ഗ്രീക്ക് സ്‌ട്രൈക്കർ ദിമി ഗോളുകൾ ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.

ആദ്യ മത്സരങ്ങളിൽ വലിയ വിമര്ശനം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും പരിശീലകൻ ഇവാൻ തന്നിലർത്തിപ്പിച്ച വിശ്വാസം കാത്തു സൂക്ഷിച്ച ഘാന താരം പെപ്രേ അവസാന മത്സരങ്ങളിൽ മികവ് പുലർത്തി. മോഹന ബഗാനെതിരെയുള്ള മികച്ച വിജയത്തിന് ശേഷം പരിശീലകൻ ഇവാൻ ഇൻസ്റ്റാഗ്രാമിൽ ഒരു റീൽ പങ്കു വെച്ചിട്ടുണ്ട്.എല്ലാവരോടും അഭിമാനം കൊള്ളാനാണ് വുക്മനോവിച്ച് ആവശ്യപ്പെടുന്നത്.

”സ്വയം അഭിമാനിക്കുക.നിങ്ങളുടെ ഹൃദയവും ഉദ്ദേശ്യങ്ങളും നല്ലതാണെന്ന കാര്യത്തിൽ അഭിമാനിക്കുക.നിങ്ങൾ ശ്രമിക്കുന്നു എന്നതിനെ ഓർത്ത് അഭിമാനിക്കുക.നിങ്ങളുടെ സമയം പങ്കിടുന്ന ആളുകളിൽ അഭിമാനിക്കുക.നിങ്ങൾ മുന്നോട്ട് പോകുമ്പോൾ സ്വയം അഭിമാനിക്കുക.നിങ്ങൾ ആരാണെന്നത്തിൽ സ്വയം അഭിമാനിക്കുന്നതിൽ തെറ്റില്ല.അതൊരു അത്ഭുതകരമായ കാര്യമാണ്.ഹേ കേരളമേ, നിന്നെയോർത്ത് ഞാൻ അഭിമാനിക്കുന്നു” ഇവാൻ കുറിച്ചു.

കേരളം ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബിനോടും കേരളത്തിനോടും ആരാധകരോടുമുള്ള ഇവാന്റെ സ്നേഹമാണ് ഇതിൽ നിന്നും കാണാൻ സാധിക്കുന്നത്. കൊച്ചിയിലെ ആരാധകരുടെ പിന്തുണയെക്കുറിച്ച് ഓരോ മത്സരം കഴിയുമ്പോഴും ഇവാൻ വാതോരാതെ സംസാരിക്കാറുണ്ട്.

Rate this post
Kerala Blasters