അർജന്റീനയുടെ സൂപ്പർ സ്ട്രൈക്കെർ ഗോൺസാലോ ഹിഗ്വയ്ൻ ഇനി ഡേവിഡ് ബെക്കാമിന്റെ ഇന്റർ മിയാമിയിൽ കളിക്കും. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഉടൻ തന്നെ അതുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രമുഖസ്പാനിഷ് മാധ്യമം സ്പോർട്ട് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹിഗ്വയ്ൻ അമേരിക്കയിൽ എത്തിയിട്ടുണ്ട്. ഉടനെ തന്നെ മെഡിക്കൽ പൂർത്തിയാക്കി ഇന്റർ മിയാമിയുമായി കരാറിൽ ഒപ്പുവെക്കും.
രണ്ട് വർഷത്തെ കരാറിലാണ് ഹിഗ്വയ്ൻ ഇന്ററുമായി ഒപ്പുവെക്കുക. ഇന്റർ മിയാമിയുടെ ഏറ്റവും പ്രധാനപ്പെട്ട സൈനിങ് ആണ് ഹിഗ്വയ്ന്റെത്. യുവന്റസുമായുള്ള കരാർ ഹിഗ്വയ്ൻ അവസാനിപ്പിച്ചിരുന്നു. ക്ലബും താരവും കൂടി ഒരുമിച്ച് കരാർ അവസാനിപ്പിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. തുടർന്നാണ് ഹിഗ്വയ്ൻ എംഎൽഎസ്സിലേക്ക് എത്തുന്നത്. മുൻ ഇംഗ്ലീഷ് സൂപ്പർ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിൽ ഉള്ള ക്ലബാണ് ഇന്റർ മിയാമി.
മുൻ യുവന്റസ് താരമായ ബ്ലൈസ് മറ്റിയൂഡിയെ ഇന്റർ മിയാമി ക്ലബ്ബിൽ എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹിഗ്വയ്നെ കൂടി ഇന്റർ റാഞ്ചുന്നത്. ഹിഗ്വയ്ന്റെ കരിയറിലെ ഏഴാമത്തെ ക്ലബാണ് ഇന്റർ. മുമ്പ് റിവർപ്ലേറ്റ്, റയൽ മാഡ്രിഡ്, നാപോളി, യുവന്റസ്, മിലാൻ, ചെൽസി എന്നീ ക്ലബുകൾക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്. അർജന്റീനക്ക് വേണ്ടി എഴുപതിൽ പരം മത്സരങ്ങൾ കളിച്ച താരമാണ് ഹിഗ്വയ്ൻ.
താരത്തിന്റെ വരവ് ഇന്റർ മിയാമിക്ക് ഏറെ കരുത്ത് പകരും. എംഎൽഎസ്സിലേക്ക് കൂടുതൽ സൂപ്പർ താരങ്ങളെ ആകർഷിക്കാൻ ഇന്റർ മിയാമിക്കിപ്പോൾ കഴിയുന്നുണ്ട്. എഡിൻസൺ കവാനി, ലൂയിസ് സുവാരസ് എന്നിവരെ ക്ലബിൽ എത്തിക്കാൻ ഇന്റർ മിയാമി ശ്രമിച്ചിരുന്നുവെങ്കിലും കഴിഞ്ഞിരുന്നില്ല.