സൂപ്പർ താരത്തെ ഒഴിവാക്കാൻ തങ്ങൾ തീരുമാനിച്ചുവെന്ന് യുവന്റസ് പരിശീലകൻ പിർലോ.

ഈ സമ്മർ ട്രാൻസ്ഫറിൽ യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരം ഗോൺസാലോ ഹിഗ്വയ്‌ൻ ക്ലബ് വിടുമെന്ന് പരിശീലകൻ പിർലോ. പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള ആദ്യപരിശീലനം ഇന്നലെ നടത്തിയിരുന്നു. തുടർന്ന് ഇന്നാണ് പിർലോ മാധ്യമങ്ങളെ കണ്ടത്. അതിലൂടെയാണ് ഹിഗ്വയ്‌ൻ ഇനി ടീമിന്റെ പദ്ധതികളിൽ ഇല്ലെന്നും അദ്ദേഹത്തെ ടീം വിടാൻ അനുവദിച്ചിട്ടുണ്ടെന്നും പിർലോ കൂട്ടിച്ചേർത്തു.

ക്ലബും താരവും കൂടി ഒരുമിച്ചാണ് തീരുമാനം എടുത്തത് എന്നാണ് പിർലോ അറിയിച്ചത്. ” ഞങ്ങൾ ഗോൺസാലോ ഹിഗ്വയ്‌നുമായി തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. അത്‌ പ്രകാരം അദ്ദേഹം ഈ സമ്മർ ട്രാൻസ്ഫറിൽ ക്ലബ് വിടും. ഞങ്ങളുടെ പദ്ധതികളിൽ നിന്ന് അദ്ദേഹം പുറത്താണ്. അദ്ദേഹത്തെ ക്ലബിൽ നിന്നും പറഞ്ഞു വിടാൻ ഞങ്ങൾ തയ്യാറായിട്ടുണ്ട് ” പിർലോ പറഞ്ഞു.

2016-ൽ നാപോളിയിൽ നിന്നായിരുന്നു ഹിഗ്വയ്‌ൻ യുവന്റസിലേക്ക് എത്തിയത്. തുടർന്ന് അദ്ദേഹം മിലാൻ, ചെൽസി എന്നീ ടീമുകളിലേക്ക് ലോണിൽ പോയിരുന്നു. തുടർന്ന് തിരികെ എത്തിയ ഹിഗ്വയ്‌ൻ യുവന്റസിൽ തന്നെ തുടരുകയായിരുന്നു. ഒടുവിൽ താരത്തെ ഒഴിവാക്കാൻ യുവന്റസ് തീരുമാനിക്കുകയായിരുന്നു. 32-കാരനായ താരം യുവന്റസിന് വേണ്ടി 149 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഈ മത്സരങ്ങളിൽ നിന്ന് 66 ഗോളുകൾ താരം നേടിയിട്ടുണ്ട്. മൂന്നു സിരി എ കിരീടം, രണ്ട് കോപ ഇറ്റാലിയ കിരീടം എന്നിവ ഹിഗ്വയ്‌ൻ യുവന്റസിനൊപ്പം നേടിയിട്ടുണ്ട്. 2007 മുതൽ 2013 വരെ ദീർഘകാലം റയൽ മാഡ്രിഡിന് വേണ്ടി കളിച്ച താരമാണ് ഹിഗ്വയ്‌ൻ. അർജന്റൈൻ ക്ലബ് റിവർപ്ലേറ്റിലൂടെയാണ് വളർന്നു വന്നത്. അതേസമയം താരം ഇനി ഏത് ക്ലബ്ബിലേക്ക് ചേക്കേറും എന്ന് വ്യക്തമല്ല. അർജന്റൈൻ ടീമിന് വേണ്ടി എഴുപതിൽ പരം മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.

Rate this post
Gonzalo HiguainJuventusSerie Atransfer News