കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനൽ വരെയെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച പ്ലേ മേക്കർ അഡ്രിയാൻ ലൂണ ക്ലബ്ബുമായി കരാർ പുതിക്കിയിരിക്കുകയാണ്. ഒരു വര്ഷം കൂടി നീട്ടാവുന്ന ഓപ്ഷനോടെ 2024 വരെയുള്ള കരാറാണ് ഉറുഗ്വേൻ ഒപ്പിട്ടത്. കഴിഞ്ഞ സീസണിൽ രണ്ട് വർഷത്തെ കരാറിലാണ് ഈ ഉറുഗ്വേൻ അറ്റാക്കിങ് മിഡ്ഫീൽഡർ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ ചേർന്നത്. ബ്ലാസ്റ്റേഴ്സിലെ തന്റെ കന്നിസീസണിൽ ആറ് ഗോളുകൾ നേടിയ ലൂണ ഏഴ് ഗോളുകൾക്ക് അവസരമൊരുക്കുകയും ചെയ്തിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിൽ കരാർ പുതുക്കിയ അഡ്രിയാൻ ലൂണ പുതിയ കരാർ ഒപ്പുവെച്ചതിൽ ഏറെ സന്തോഷം ഉണ്ടെന്ന് അറിയിച്ചു.‘മഞ്ഞപ്പടയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. കെബിഎഫ്സിയുമായുള്ള കരാർ പുതുക്കിയതിൽ ഞാൻ അഭിമാനിക്കുന്നു. കേരളത്തിലെ എന്റെ ആദ്യ അനുഭവം അനുപമമായിരുന്നു. ക്ലബിനൊപ്പമുള്ള എന്റെ അടുത്ത മൂന്ന് വർഷം വളരെ മികച്ചതായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഓരോ കളിയിലും എന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനും, വരും സീസണിൽ ടീമിന് വേണ്ടി മികച്ചത് നേടിയെടുക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു‐ ലൂണ സന്തോഷപൂർവം പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിൽ തുടരാൻ ആഗ്രഹിക്കുന്ന കാര്യം ലൂണയും പല സന്ദർഭങ്ങളിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ 6 ഗോളും 7 അസിസ്റ്റുമായി ബ്ലാസ്റ്റേഴ്സിന്റെ വിജയങ്ങളിൽ സുപ്രധാന പങ്ക് വഹിച്ച താരമാണ് ലൂണ. ലൂണയെ കൂടാതെ ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്കോവിച്ചുമായും ബ്ലാസ്റ്റേഴ്സ് കരാർ ദീർഘിപ്പിച്ചെന്നാണ് ലഭിക്കുന്ന വിവരം. അൽവാരോ വാസ്ക്വാസ് ,പെരേര ഡയസ് ,സിപോവിക് ,ചെഞ്ചോ എന്നിവർ ക്ലബ് വിട്ടിരുന്നു.
Time to rejoice! 💛#Luna2024 #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/mZrpMsEtBL
— Kerala Blasters FC (@KeralaBlasters) July 22, 2022
അടുത്ത സീസണു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ബ്ലാസ്റ്റേഴ്സ് ആരംഭിച്ചു കഴിഞ്ഞു. ഈ സീസണിൽ വിക്ടർ മോംഗിൽ, ഇവാൻ കലിയൂഷ്നി, ജിയാനു അപ്പോസ്തലോസ് തുടങ്ങിയ നിരവധി പുതിയ വിദേശ കളിക്കാരെയാണ് ക്ലബ്ബ് ഇതിനകം ടീമിലെത്തിച്ചത്. അതേസമയം, ബിജോയ് വർഗീസ്, ജീക്സൺ സിങ്, മാർക്കോ ലെസ്കോവിച്ച്, പ്രഭ്സുഖൻ ഗിൽ, കരൺജിത് സിങ്, സന്ദീപ് സിങ് എന്നിവരുമായുള്ള കരാറും ബ്ലാസ്റ്റേഴ്സ് നീട്ടിയിട്ടുണ്ട്. ഓഗസ്റ്റ് ഒന്ന് മുതൽ കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ പരിശീലനം ആരംഭിക്കും.അതിനു ശേഷം ബ്ലാസ്റ്റേഴ്സ് പരിശീലന മത്സരങ്ങൾക്കായി ദുബൈയിലേക്ക് പോകും