ക്രിസ്റ്റ്യാനോയെ കാണാൻ വൻ ആൾക്കൂട്ടം; പരിശീലന സെക്ഷൻ റദ്ദാക്കി അൽ നസ്ർ

എ എഫ് സി ചാമ്പ്യൻസ് ലീഗിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ ഇന്ന് ഇറാനിയൻ ക്ലബ്ബായ പേർസെപൊലീസിനെ നേരിടുകയാണ്. മത്സരത്തിനായി ഇറാനിൽ എത്തിയ അൽ നസറിന് ഇന്നലെ പരിശീലനം നടത്താനായില്ല.

റൊണാൾഡോയെ കാണാൻ ആരാധകർ സ്റ്റേഡിയത്തിന് പുറത്ത് തമ്പടിച്ചതോടെ വൻ ജനതിരക്കുണ്ടാവുകയും തുടർന്ന് അൽ നസ്ർ താരങ്ങൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടായി. ഇതോടെയാണ് അൽ നസ്ർ ഇന്നലത്തെ പരിശീലന സെക്ഷൻ ഒഴിവാക്കിയത്.റൊണാൾഡോ തങ്ങളുടെ തട്ടകത്തിൽ എത്തിയെങ്കിലും റോണോയുടെ കളി നേരിട്ട് കാണാനുള്ള ഭാഗ്യം ഇറാനിയൻ ക്ലബ്‌ പെർസെപോലീസിനില്ല. ഐഎസ്എൽ ക്ലബ് എഫ്സി ഗോവ നൽകിയ പരാതി കാരണം പെർസെപോലീസിന് അൽനസ്റുമായുള്ള മത്സരത്തിൽ ആരാധകരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാൻ വിലക്കുണ്ട്.

എഫ് സി ഗോവയും പെർസെപോലീസും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനു മുന്നോടിയായി ഇന്ത്യൻ സംസ്കാരത്തെ പരിഹസിക്കുന്ന ഒരു പോസ്റ്റ് പെർസെപോലീസ് അവരുടെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. ഇതിൽ എ ഐ എഫ് എഫും എഫ് സി ഗോവയും നൽകിയ പരാതിയിൽ ഏഷ്യൻ ഫുട്ബോൾ കൗൺസിൽ പെർസെപോലീസിന്റെ അടുത്ത ചാമ്പ്യൻസ്ലീഗ് ഹോം മത്സരത്തിൽ ആരാധകരെ വിലക്കി നടപടി സ്വീകരിച്ചിരുന്നു.

ഇതോടെയാണ് അൽ നസ്റുമായുള്ള മത്സരത്തിൽ പെർസെപോലീസിന് സ്റ്റേഡിയത്തിൽ ആരാധകരെ പ്രവേശിപ്പിക്കാൻ കഴിയാത്തത്. ആരാധകർക്ക് സ്റ്റേഡിയത്തിൽ പ്രവേശനം ഇല്ലാത്തതിനാൽ സ്റ്റേഡിയത്തിന് പുറത്ത് ആരാധകരുടെ വൻ തിരക്കാണ് ഉണ്ടായത്. ഇതോടെയാണ് അൽ നസ്ർ ഇന്നലെ പരിശീലനം റദ്ദാക്കി താമസസ്ഥലത്തേക്ക് മടങ്ങിയത്.ഇന്ത്യൻ സമയം ഇന്ന് രാത്രി 11 :30 നാണ് പെർസെപോലീസ്- അൽ നസ്ർ പോരാട്ടം.

4/5 - (1 vote)
Cristiano Ronaldo