വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിലുള്ള തോങ് നാറ്റ് സ്റ്റേഡിയത്തിൽ നടന്ന ഹങ് തിൻ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ സിംഗപ്പൂരിനെതിരെ ഇന്ത്യക്ക് സമനില . നിൽവിൽ നിലവിൽ 159-ാം സ്ഥാനത്തുള്ള സിംഗപ്പൂരിനെതിരെ മലയാളി താരം ആഷിക്ക് കരുണിയാൻ നേടിയ ഗോളിനാണ് ഇന്ത്യ സമനില പിടിച്ചത്.
ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്.ഈ വർഷം ജൂണിന് ശേഷം ആദ്യമായി ഇന്ത്യ ഇറങ്ങിയ മത്സരത്തിൽ വിജയിക്കാൻ സാധിച്ചില്ല. മലയാളി താരങ്ങളായ സഹലും ആഷിക്കും ആദ്യ ഇലവനിൽ തന്നെ സ്ഥാനം പിടിച്ചിരുന്നു. മത്സരത്തിന്റെ 37 ആം മിനുട്ടിൽ ഇക്ഷൻ ഫാൻഡി നേടിയ ഗോളിൽ സിംഗപ്പൂർ ലീഡ് നേടിയിരുന്നു. എന്നാൽ 43 ആം മിനുട്ടിൽ രണ്ട് ഡിഫൻഡർമാർക്കിടയിലൂടെ സുനിൽ ഛേത്രി കൊടുത്ത പാസിൽ നിന്നും ആഷിഖ് ഒരു ലോ-ഫൈനസ് ഷോട്ടിലൂടെ ഗോളാക്കി മാറ്റി.
രണ്ടാം പകുതിയിൽ ഇരു ടീമുകളും കഠിനമായി ശ്രമിച്ചെങ്കിലും ഗോളുകളൊന്നും പിറന്നില്ല. 86 ആം മിനുട്ടിൽ പണ്ഡിറ്റയിലൂടെ സ്കോർ 2-1 ആക്കാനുള്ള മികച്ച അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചില്ല. 27 നു നടക്കുന്ന മത്സരത്തിൽ ഇന്ത്യ വിയറ്റ്നാമിലെ നേരിടും.
ഇന്ത്യയും സിംഗപ്പൂരും എല്ലാ മത്സരങ്ങളിലും സൗഹൃദ മത്സരങ്ങളിലുമായി 27 തവണ കളിച്ചിട്ടുണ്ട്. ഇന്ത്യ 12 കളികൾ ജയിച്ചപ്പോൾ സിംഗപ്പൂർ 11 കളികൾ ജയിച്ചു. 4 കളികൾ സമനിലയിൽ അവസാനിച്ചു.