പ്രതീക്ഷകളുടെയും സമ്മർദ്ദങ്ങളുടെയും അമിതഭാരം എനിക്കുണ്ട് : തുറന്നുപറഞ്ഞ് അർജന്റൈൻ യുവപ്രതിഭ എച്ചവേരി |Diablito Echeverri

അർജന്റീനയുടെ യൂത്ത് ടീമിന് വേണ്ടി അവിസ്മരണീയ പ്രകടനമാണ് ഇപ്പോൾ ക്ലൗഡിയോ എച്ചവേരി നടത്തിക്കൊണ്ടിരിക്കുന്നത്.മാത്രമല്ല കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീന ദേശീയ ടീമിനോടൊപ്പം പരിശീലനം നടത്താൻ ഈ 17 വയസ്സ് മാത്രമുള്ള താരത്തിന് കഴിഞ്ഞിരുന്നു.അർജന്റീനയുടെ ഭാവി വാഗ്ദാനമായ വിലയിരുത്തപ്പെടുന്ന താരമാണ് എച്ചവേരി.

അർജന്റീനയുടെ അണ്ടർ 17 ടീമിന് വേണ്ടി സുഡാമേരിക്കാന ചാമ്പ്യൻഷിപ്പിൽ തകർപ്പൻ പ്രകടനമാണ് യുവ പ്രതിഭ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ ലയണൽ മെസ്സി ഉൾപ്പെടെയുള്ളവർക്കൊപ്പമായിരുന്നു ഇദ്ദേഹം ട്രെയിനിങ് നടത്തിയിരുന്നത്.പുതിയ മെസ്സി എന്ന വിശേഷണം പോലും പലരും ഈ 17കാരന് ചാർത്തി കൊടുക്കുന്നത് സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ കഴിയും.

പക്ഷേ ഇത്രയധികം ഹൈപ്പ് യഥാർത്ഥത്തിൽ താരത്തിന് സമ്മർദമാണ് സൃഷ്ടിക്കുക.അമിതമായ പ്രതീക്ഷകളും സമ്മർദ്ദങ്ങളുമാണ് പല വ്യക്തികളും അദ്ദേഹത്തിന് മേൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.ഇക്കാര്യം ഈ 17 കാരൻ ഇപ്പോൾ തുറന്നു പറഞ്ഞു.പ്രതീക്ഷകളുടെ അമിതഭാരം തനിക്കിപ്പോൾ അനുഭവപ്പെടുന്നുണ്ടെന്നും എന്നാൽ ഇതിനോട് പൊരുത്തപ്പെട്ട് ജീവിച്ചു പോകാനാണ് താൻ ശ്രമിക്കുന്നത് എന്നുമാണ് എച്ചവേരി പറഞ്ഞിട്ടുള്ളത്.

‘ആളുകളിൽ നിന്നും ഒരുപാട് സമ്മർദ്ദം എനിക്കിപ്പോൾ അനുഭവിക്കേണ്ടി വരുന്നുണ്ട്.എന്റെ കാര്യത്തിൽ പലരും ഒരുപാട് പ്രതീക്ഷകൾ വെച്ച് പുലർത്തുന്നുണ്ട്.പക്ഷേ ഇതിനോടൊക്കെ പൊരുത്തപ്പെട്ട് ജീവിച്ചു പോകാനാണ് ഞാനിപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.ചില സമയങ്ങളിൽ ഇത് എനിക്ക് സ്ട്രസ്സ് ഉണ്ടാക്കാറുണ്ട്,ചില സമയങ്ങളിൽ ഇതൊക്കെ എന്നെ തളർത്താറുമുണ്ട്.പക്ഷേ എന്റെ കുടുംബത്തോടൊപ്പം സമയം ചിലവഴിച്ചു കൊണ്ട് ഞാൻ നല്ല രൂപത്തിൽ ഇതിനെ മാനേജ് ചെയ്യുന്നു ‘ഇതാണ് എച്ചവേരി പറഞ്ഞിട്ടുള്ളത്.

നിലവിൽ അർജന്റീനയിലെ പ്രമുഖ ക്ലബ്ബായ റിവർ പ്ലേറ്റിനു വേണ്ടിയാണ് ഇദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.25 മില്യൺ യൂറോയായിരുന്നു ഇതുവരെ ഇദ്ദേഹത്തിന്റെ റിലീസ് ക്ലോസ്.എന്നാൽ ഇത് ഉടൻതന്നെ 50 മില്യൺ യൂറോ ആക്കാനുള്ള ഒരുക്കത്തിലാണ് ക്ലബ്ബ് ഉള്ളത്.റയൽ മാഡ്രിഡ് അടക്കമുള്ള പ്രമുഖ ക്ലബ്ബുകൾ താരത്തിന്റെ സാഹചര്യങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്.

5/5 - (7 votes)