‘എനിക്കതിൽ സംശയമില്ല, ലയണൽ മെസി തന്നെയാണ് ചരിത്രത്തിലെ മികച്ച താരം’- അർജന്റീന നായകനെക്കുറിച്ച് സ്‌കലോണി |Qatar 2022 |Lionel Messi
ഖത്തർ ലോകകപ്പിന്റെ സെമി ഫൈനലിൽ ക്രൊയേഷ്യക്കെതിരെ നടത്തിയ പ്രകടനത്തോടെ എതിരാളികൾ പോലും വാഴ്ത്തുകയാണ് ലയണൽ മെസിയെന്ന താരത്തെ. ഇന്നലത്തെ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ താരം അഞ്ചു ഗോളും മൂന്ന് അസിസ്റ്റും ഈ ടൂർണമെന്റിൽ നേടി അർജന്റീനയുടെ ഫൈനൽ പ്രവേശനത്തിൽ നിർണായകമായ പങ്കാണ് വഹിച്ചിരുന്നത്. ഇനി ഒരു മത്സരത്തിൽ കൂടി വിജയം നേടിയാൽ കരിയറിൽ ആദ്യമായി ലോകകപ്പ് കിരീടമെന്ന നേട്ടം ലയണൽ മെസിക്ക് സ്വന്തമാകും.
ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയതിനു ശേഷം പിന്നീടുള്ള ഓരോ മത്സരത്തിലും പൊരുതിയാണ് അർജന്റീന വിജയം നേടിയത്. ലയണൽ മെസി തന്നെയാണ് ടീമിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്നത്. ഓരോ മത്സരം കഴിയുന്തോറും കൂടുതൽ കൂടുതൽ മികച്ച പ്രകടനം നടത്തുന്ന മെസിയെ പ്രശംസ കൊണ്ടു മൂടുകയാണ് എല്ലാവരും. കഴിഞ്ഞ ദിവസം ടീമിന്റെ പരിശീലകനായ ലയണൽ സ്‌കലോണിയും മെസിയെ പ്രശംസിക്കുകയുണ്ടായി.
“മെസി എക്കാലത്തെയും മികച്ച താരമാണോ? ചിലപ്പോൾ അർജന്റീനിയൻ താരങ്ങൾ അത് പറഞ്ഞാൽ ഞങ്ങൾ അർജന്റീനക്കാരായതു കൊണ്ടാണ് അങ്ങിനെ പറയുന്നതെന്ന് വരാം. ചിലപ്പോൾ അത് സ്വാർത്ഥത ആയിരിക്കാം. പക്ഷെ എനിക്കത് പറയാൻ യാതൊരു സംശയവുമില്ല. മെസി ചരിത്രത്തിലെ ഏറ്റവും മികച്ച താരം തന്നെയാണ്. താരത്തെ പരിശീലിപ്പിക്കാനും മെസിയുടെ കളി കാണാനും കഴിയുന്നത് എന്റെ ഭാഗ്യമാണ്.” സ്‌കലോണി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.
“ഓരോ തവണ താരം കളിക്കുന്നതു കാണുന്നതും സഹതാരങ്ങൾക്കും മറ്റുള്ള ആളുകൾക്കും ഈ ലോകത്തിനു തന്നെയും പ്രചോദനം നൽകുന്നുവെന്നത് ആവേശം ഉണ്ടാക്കുന്ന കാര്യമാണ്. ലയണൽ മെസിയെക്കുറിച്ച് ഇനിയൊന്നും പറയാൻ ബാക്കിയില്ല. താരം ഈ ടീമിനൊപ്പമുള്ളത് എനിക്കും അർജന്റീനക്കും ലഭിച്ച ഭാഗ്യമാണ്.” സ്‌കലോണി മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ കൂട്ടിച്ചേർത്തു.
Lionel Scaloni: “I think there’s no doubt that Messi is the best in history. It seems we say it because we are Argentines, but no. Every time he plays, he generates something. It’s privilege that he wears the light blue and white.”
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 13, 2022
pic.twitter.com/l8Tgt5SoUP
അതേസമയം അർജന്റീനയുടെ കുതിപ്പിൽ മെസിക്കൊപ്പം പ്രശംസ സ്‌കലോണിയും അർഹിക്കുന്നുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. 2018 ലോകകപ്പിൽ നേരത്തെ പുറത്തായ ടീമിനെ ആത്മവിശ്വാസം നൽകി ഉയർത്തെഴുന്നേൽപ്പിച്ച പരിശീലകനാണ് സ്‌കലോണി. അതിനു ശേഷം കോപ്പ അമേരിക്ക, ഫൈനലിസിമ എന്നീ കിരീടങ്ങൾ നേടിയ അർജന്റീനക്ക് തുടർച്ചയായ മൂന്നാം കിരീടം നേടാനുള്ള അവസരമാണ് ഫൈനൽ പോരാട്ടം.