ചരിത്രത്തിലെ ഏറ്റവും മികച്ച താരം : മെസ്സിയെ പ്രശംസിച്ചിട്ട് മതിവരാതെ ഇംഗ്ലീഷ് താരങ്ങൾ|Qatar 2022

35ആം വയസ്സിലും ലോക ഫുട്ബോളിന് അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ലയണൽ മെസ്സി പുറത്തെടുക്കുന്നത്. വേൾഡ് കപ്പ് പോലെയുള്ള വലിയ വേദിയിലും ലയണൽ മെസ്സി തന്റെ മാസ്മരിക പ്രകടനം തുടരുകയാണ്.മൂന്ന് ഗോളുകളും ഒരു അസിസ്റ്റും മെസ്സി വേൾഡ് കപ്പിൽ നേടിക്കഴിഞ്ഞു. അർജന്റീന ക്വാർട്ടർ ഫൈനൽ വരെ എത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വലിയൊരു ക്രെഡിറ്റും മെസ്സിക്ക് അവകാശപ്പെട്ടതാണ്.

ലയണൽ മെസ്സിക്ക് പ്രശംസകൾ ലഭിക്കുക എന്നുള്ളത് വളരെ സുപരിചിതമായ കാര്യമാണ്. ഇംഗ്ലീഷ് ഡിഫൻഡർമാരായ അലക്സാണ്ടർ അർനോൾഡും കെയ്ൽ വാക്കറും ഇപ്പോൾ മെസ്സിയെ വാനോളം പ്രശംസിച്ചിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും മികച്ച താരം എന്നാണ് ഇവർ മെസ്സിയെ അഭിസംബോധനം ചെയ്തിട്ടുള്ളത്.

‘ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സി. അദ്ദേഹത്തെക്കുറിച്ച് ഇനി കൂടുതൽ പറയേണ്ട ആവശ്യമുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹം കളിക്കുന്നത് കാണാൻ തന്നെ വലിയ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. എനിക്ക് കഴിയുന്ന സമയത്തൊക്കെ ഞാൻ അദ്ദേഹത്തിന്റെ പ്രകടനം കാണാറുണ്ട് ‘ ഇതാണ് അലക്സാണ്ടർ അർനോൾഡ് പറഞ്ഞിട്ടുള്ളത്.

‘ മെസ്സിയുടെ പ്രകടനം കാണുക എന്നുള്ളത് മാജിക്കലായിട്ടുള്ള ഒരു കാര്യമാണ്. അദ്ദേഹത്തിന് പ്രായമായിട്ടും ഒരു കോട്ടവും തട്ടിയിട്ടില്ല.ഇപ്പോഴും അദ്ദേഹം വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു. മെസ്സിയെ പോലെ ഒരു താരത്തെ ഇനി കാണാൻ കഴിയില്ല എന്ന് എനിക്കുറപ്പാണ്.സത്യം പറഞ്ഞാൽ അദ്ദേഹത്തിന്റെ ഓരോ മിനിട്ടും ഞാൻ വളരെയധികം ആസ്വദിക്കാറുണ്ട് ‘ ഇതാണ് വാക്കർ പറഞ്ഞിട്ടുള്ളത്.

വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടും ഫ്രാൻസും തമ്മിലാണ് ഏറ്റുമുട്ടുക. അർജന്റീനയുടെ എതിരാളികൾ ഹോളണ്ടാണ്. ഇംഗ്ലണ്ടും അർജന്റീനയും വിജയിച്ചു കൊണ്ട് മുന്നോട്ടു പോവുകയാണെങ്കിൽ മെസ്സിയും ഈ താരങ്ങളും ഫൈനലിൽ മുഖാമുഖം വന്നേക്കും.

Rate this post
ArgentinaFIFA world cupLionel Messi