ഖത്തർ ലോകകപ്പിന് മുൻപ് ബ്രസീലിയൻ താരം നെയ്‌മർ പറഞ്ഞത് ഇത് ചിലപ്പോൾ തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്നാണ്. 2026ൽ നടക്കുന്ന അടുത്ത ലോകകപ്പ് വരെ ഫുട്ബോളിൽ തുടരാനും മികച്ച പ്രകടനം നടത്താനും തനിക്ക് കഴിയുമോയെന്ന കാര്യത്തിൽ യാതൊരു ഉറപ്പും ഇല്ലാത്തതു കൊണ്ടാണ് നെയ്‌മർ അങ്ങിനെയൊരു അഭിപ്രായം പ്രകടിപ്പിച്ചത്.
ഖത്തർ ലോകകപ്പിൽ ബ്രസീൽ മികച്ച പ്രകടനത്തോടെയാണ് തുടങ്ങിയതെങ്കിലും ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റു പുറത്താവുകയായിരുന്നു. കിരീടം നേടുമെന്നു പ്രതീക്ഷിച്ച ടീം പുറത്തായതിന്റെ നിരാശക്കൊപ്പം നെയ്‌മർ ടീം വിടുമോയെന്ന ആശങ്കയും ആരാധകർക്ക് ഉണ്ടായിരുന്നു. എന്നാൽ ബ്രസീൽ ടീമിനൊപ്പം തന്നെ തുടരാനാണ് താരം തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം ആരാധകർക്ക് കൂടുതൽ ആവേശം നൽകുന്ന പ്രതികരണം നെയ്‌മർ നടത്തുകയുണ്ടായി. അടുത്ത ലോകകപ്പിൽ ബ്രസീൽ ടീമിനായി കളിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അടുത്ത ലോകകപ്പിൽ കളിക്കാനല്ല, കിരീടം നേടാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് നെയ്‌മർ പറഞ്ഞത്. അടുത്ത ലോകകപ്പിലും താരം ഉണ്ടാകുമെന്ന് ഇത് വ്യക്തമാക്കുന്നു.
ലയണൽ മെസിയുടെ സമാനമായ ശൈലിയുള്ള താരമാണ് നെയ്‌മറെന്ന് ഏവർക്കും അറിയുന്ന കാര്യമാണ്. മുപ്പത്തിയഞ്ചാം വയസിൽ തനിക്ക് ചുറ്റും കറങ്ങുന്ന ഒരു ടീമിനെ വെച്ച് മെസിക്ക് കിരീടം സ്വന്തമാക്കാനായെങ്കിൽ അടുത്ത ലോകകപ്പിൽ നെയ്‌മർക്കും അതിനു കഴിയും. നിരവധി മികച്ച യുവതാരങ്ങൾ ഉയർന്നു വരുന്ന ബ്രസീൽ ടീമിന് അത് കൂടുതൽ എളുപ്പമായിരിക്കുമെന്നാണ് കരുതേണ്ടത്.
Journalist: “Do you intend to participate in the 2026 World Cup?”
— Caroline Dove (@CarolineDove5) February 13, 2023
Neymar: “I intend to WIN the 2026 World Cup.”
🤩🏆🇧🇷 pic.twitter.com/SJQbkpewLB
2026 ലോകകപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ബ്രസീൽ ഇപ്പോൾ തന്നെ തുടങ്ങിയിരിക്കുന്നു. യൂറോപ്പിൽ നിന്നുള്ള മികച്ച പരിശീലകനെ നിയമിക്കുക എന്നതാണ് ഇതിലെ ആദ്യത്തെ ചുവടുവെപ്പ്. റയൽ മാഡ്രിഡ് പരിശീലകനായ ആൻസലോട്ടിയെയാണ് അവർ പ്രധാനമായും നോട്ടമിടുന്നത്. അത് നടന്നാൽ ബ്രസീൽ ടീം അടുത്ത ലോകകപ്പിൽ കിരീടം നേടാനുള്ള സാധ്യത ഒന്നുകൂടി വർധിക്കും.