അടുത്ത ലോകകപ്പിലുണ്ടാകില്ല, കോപ്പ അമേരിക്കയിൽ കളിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡി മരിയ

ഖത്തർ ലോകകപ്പിന് ശേഷം വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് ഏവരും പ്രതീക്ഷിച്ച താരമാണ് ഏഞ്ചൽ ഡി മരിയ. ലോകകപ്പിന് മുൻപ് ദേശീയ ടീമിനൊപ്പം ഇത് തന്റെ അവസാനത്തെ ടൂർണമെന്റ് ആയിരിക്കുമെന്ന് ഡി മരിയ പറഞ്ഞിരുന്നു. എന്നാൽ ലോകകപ്പിൽ അർജന്റീന കിരീടം നേടിയതോടെ ദേശീയ ടീമിനൊപ്പം വീണ്ടും തുടരാൻ തീരുമാനിക്കുകയായിരുന്നു മുപ്പത്തിയഞ്ചുകാരനായ താരം.

ലോകകപ്പ് ജേതാവായി ഇനിയും മത്സരങ്ങൾ കളിക്കണമെന്ന ആഗ്രഹമാണ് ഏഞ്ചൽ ഡി മരിയ അർജന്റീന ടീമിനൊപ്പം നിലനിൽക്കാൻ കാരണമായത്. എന്നാൽ ഏതാനും മത്സരങ്ങൾ കളിക്കുക മാത്രമല്ല, 2024ൽ നടക്കുന്ന അടുത്ത കോപ്പ അമേരിക്കയിൽ കളിക്കുക തന്റെ ലക്ഷ്യമാണെന്നാണ് ഏഞ്ചൽ ഡി മരിയ പറയുന്നത്. അതേസമയം അടുത്ത ലോകകപ്പിൽ താനുണ്ടാകില്ലെന്നും ഡി മരിയ പറഞ്ഞു.

“അടുത്ത ലോകകപ്പിൽ കളിക്കാൻ എനിക്ക് കഴിയില്ലെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ എന്റെ ലക്‌ഷ്യം അടുത്ത കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഭാഗമാവുക എന്നതാണ്. അതിനായി ഞാനെന്റെ കഴിവിന്റെ പരമാവധി ശ്രമം നടത്തും.” കഴിഞ്ഞ ദിവസം ഇഎസ്‌പിഎൻ അർജന്റീനയോട് സംസാരിക്കുമ്പോൾ ഏഞ്ചൽ ഡി മരിയ പറഞ്ഞു.

അർജന്റീന കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ നേടിയ കിരീടങ്ങളിലെല്ലാം ഏഞ്ചൽ ഡി മരിയ പ്രധാന പങ്കു വഹിച്ചിരുന്നു. കോപ്പ അമേരിക്ക, ഫൈനലൈസിമ, ലോകകപ്പ് എന്നീ ടൂർണമെന്റുകളിലെല്ലാം കലാശപ്പോരാട്ടത്തിൽ ഗോൾ നേടാനും താരത്തിന് കഴിഞ്ഞു. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ ലയണൽ സ്‌കലോണി തന്ത്രം മെനഞ്ഞത് തന്നെ ഡി മരിയയെ മുൻനിർത്തിയായിരുന്നു.

അടുത്ത കോപ്പ അമേരിക്കക്കുള്ള അർജന്റീന ടീമിലുൾപ്പെടാൻ ക്ലബ് തലത്തിൽ ഡി മരിയ മികച്ച പ്രകടനം നടത്തേണ്ടത് അനിവാര്യമാണ്. നിലവിൽ യുവന്റസ് താരമായ ഡി മരിയ അതിനായി യൂറോപ്പിൽ തന്നെ തുടരാനാണ് സാധ്യത. നിരവധി മികച്ച യുവതാരങ്ങൾ അർജന്റീന ടീമിൽ നിന്നും ഉയർന്നു വരുന്നതിനാൽ സ്ഥാനം നിലനിർത്താൻ കഴിവിന്റെ പരമാവധി മികച്ച പ്രകടനം താരം നടത്തേണ്ടി വരും.

Rate this post
Angel Di Maria