പിഎസ്ജിയുടെ അർജൻറീനിയൻ സ്ട്രൈക്കറായ മൗറോ ഇകാർഡിയെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കാൻ സീരി എയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ക്ലബായ എസി മിലാന്റെ ശ്രമം. പ്രമുഖ യൂറോപ്യൻ മാധ്യമമായ എഎസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇറ്റാലിയൻ ലീഗിൽ ഏഴു വർഷത്തോളം ഇന്ററിനു വേണ്ടി കളിക്കുകയും വളരെ ചെറുപ്പത്തിൽ തന്നെ ടീമിന്റെ നായകനുമായ ഇകാർഡി പിന്നീട് നേതൃത്വവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ക്ലബ് വിടുകയായിരുന്നു. കഴിഞ്ഞ വർഷം ലോണിൽ പിഎസ്ജിയിലെത്തിയ താരം പിന്നീട് ഫ്രഞ്ച് ക്ലബുമായി നാലു വർഷത്തെ സ്ഥിരം കരാർ ഒപ്പിട്ടതിനു പിന്നാലെയാണ് എസി മിലാൻ പരിശീലകൻ സ്റ്റെഫാനോ പിയോളി ഇകാർഡിയെ നോട്ടമിടുന്നത്.
പിഎസ്ജിക്കു വേണ്ടി 34 മത്സരങ്ങളിൽ നിന്നും ഇരുപതു ഗോൾ നേടി മികച്ച പ്രകടനം ഇകാർഡി കാഴ്ച വെച്ചെങ്കിലും പരിശീലകൻ ടുഷലുമായി താരത്തിന് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന റിപ്പോർട്ടുകൾ ശക്തമാണ്. കാൽപാദത്തിനേറ്റ പരിക്കു മൂലം വിശ്രമത്തിലുള്ള ഇകാർഡിക്കു പകരമെത്തിയ ഇറ്റാലിയൻ യുവതാരം മോയ്സ് കീൻ മികച്ച പ്രകടനം കാഴ്ച വെച്ച് ടീമിൽ സ്ഥിരമായാൽ ഇറ്റലിയിലേക്കു തിരിച്ചെത്തുന്ന കാര്യം അർജന്റീന താരം പരിഗണിച്ചേക്കും.
ഇകാർഡിയുടെ ഭാര്യയും ഏജന്റുമായ വാൻഡ ഇകാർഡി ഇറ്റലിയിലേക്കു തിരിച്ചു പോകാനുള്ള ആഗ്രഹവും മിലാൻ നഗരം അവർക്ക് പ്രധാനപ്പെട്ടതാണെന്നും നേരത്തെ വെളിപ്പെടുത്തിയതിനാൽ താരത്തിന്റെ ട്രാൻസ്ഫറിനു വളരെയധികം സാധ്യതയുണ്ട്. നിലവിൽ മികച്ച പ്രകടനം ലീഗിൽ എസി മിലാൻ നടത്തുന്നതും താരത്തെ ആകർഷിച്ചേക്കാം.