ചാമ്പ്യൻസ് ലീഗിലെ ചരിത്ര വിജയത്തിൽ ആരാധകർക്കൊപ്പം ആവേശം പങ്കിടുന്ന മെസിയുടെ വിഖ്യാത ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ സാന്റിയാഗോ ഗാർസസ് ഇനി ബാഴ്സക്കു വേണ്ടി ചിത്രങ്ങൾ പകർത്തില്ല. ബാഴ്സയുടെ ചിത്രങ്ങൾ പകർത്താനുള്ള അദ്ദേഹത്തിന്റെ കരാർ കറ്റലൻ ക്ലബ് പുതുക്കി നൽകിയില്ലെന്ന് സ്പാനിഷ് മാധ്യമമായ എൽ പിരിയോഡികോ റിപ്പോർട്ടു ചെയ്യുന്നു.
2017ലെ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ പിഎസ്ജിക്കെതിരെ ബാഴ്സ 6-1നു വിജയം നേടിയ മത്സരത്തിലാണ് മെസിയുടെ പ്രസിദ്ധമായ ചിത്രം പിറന്നത്. അന്ന് അവസാന ഗോൾ സെർജി റോബർട്ടോ നേടിയപ്പോൾ മെസി ഒറ്റക്ക് ഓടിക്കയറിയത് ആരാധകരുടെ അടുത്തേക്കാണ്. അന്നു ഗാർസസ് പകർത്തിയതാണ് ഈ ചിത്രം.
അന്നത്തെ മത്സരത്തിലെ വിജയത്തോടെ ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചു വരവെന്ന റെക്കോർഡാണ് ബാഴ്സ സ്വന്തമാക്കിയത്. ആദ്യ പാദത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് വിജയിച്ച പിഎസ്ജിക്കെതിരെയുള്ള തിരിച്ചു വരവും സെർജി റോബർട്ടോയുടെ ഗോളും മെസിയുടെ ആഘോഷവുമെല്ലാം ബാഴ്സ ആരാധകർക്കു മറക്കാനാവാത്തതാണ്.
”മെസിയുടേതായി എടുക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും മികച്ച ഫോട്ടോയാണതെന്ന് പലരും പറഞ്ഞു. പെലെയുടെയും മറഡോണയുടെയും ഐതിഹാസിക തുല്യമായ ചിത്രങ്ങളോടണതിനെ താരതമ്യം ചെയ്യുന്നതെന്നതിൽ സന്തോഷമുണ്ട്.” തന്റെ ചിത്രത്തെക്കുറിച്ച് ഗർസസ് പറഞ്ഞതിങ്ങനെയാണ്.