അർജന്റീന ദേശീയ ടീമിന്റെ ഭാവി വാഗ്ദാനങ്ങളിൽ ഒരാളായ അലജാൻഡ്രോ ഗർനാച്ചോ നേരത്തെ ഒരുതവണ അർജന്റീനയുടെ സീനിയർ സ്ക്വാഡിൽ ഇടം കണ്ടെത്തിയിരുന്നു.പക്ഷേ അന്ന് അരങ്ങേറാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഇപ്പോൾ ഒരിക്കൽ കൂടി അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു.വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ നടക്കുന്ന ഫ്രണ്ട്ലി മത്സരങ്ങൾക്കുള്ള അർജന്റീനയുടെ സ്ക്വാഡിൽ ഗർനാച്ചോ ഇടം നേടിയിരുന്നു.
മാത്രമല്ല ഗർനാച്ചോ ഉൾപ്പെടെയുള്ള യുവതാരങ്ങൾക്ക് വരുന്ന സൗഹൃദ മത്സരങ്ങളിൽ അവസരം നൽകാൻ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിക്ക് പദ്ധതികൾ ഉണ്ടായിരുന്നു.എന്നാൽ ഈ യുവതാരത്തെ നിർഭാഗ്യം ഇപ്പോൾ വേട്ടയാടിയിട്ടുണ്ട്.കഴിഞ്ഞ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കുന്ന മത്സരത്തിനിടെ അദ്ദേഹത്തിന് പരിക്കേൽക്കുകയായിരുന്നു.ക്രെച്ചസിലാണ് പിന്നീട് അദ്ദേഹം മൈതാനം വിട്ടിരുന്നത്.
താരത്തിന്റെ പരിക്ക് ഒരല്പം ഗൗരവമേറിയതാണ്.അതുകൊണ്ടുതന്നെ ഈ മാസത്തിന്റെ അവസാനത്തിൽ നടക്കുന്ന ഫ്രണ്ട്ലി മത്സരങ്ങളിൽ അർജന്റീനക്ക് വേണ്ടി കളിക്കാൻ ഗർനാച്ചോക്ക് സാധിക്കില്ല എന്നുള്ളത് ഉറപ്പായിരുന്നു.ഇതിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്കും അർജന്റീന ആരാധകർക്കും അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഒരു സന്ദേശം പങ്കുവെച്ചിട്ടുണ്ട്.
‘എന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്നുള്ളത് വിവരിക്കാൻ ബുദ്ധിമുട്ടാണ്.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വരാനിരിക്കുന്ന പ്രധാനപ്പെട്ട മത്സരങ്ങളിൽ ക്ലബ്ബിനെ സഹായിക്കാൻ നിർഭാഗ്യവശാൽ എനിക്ക് കഴിയില്ല.മാത്രമല്ല അർജന്റീന ദേശീയ ടീമിൽ സഹതാരങ്ങളോടൊപ്പം പങ്കെടുക്കാനുള്ള അവസരവും എനിക്ക് നഷ്ടമായിട്ടുണ്ട്.എനിക്കും എന്റെ കുടുംബത്തിനും അഭിമാനം ഉണ്ടാക്കുന്ന ഒരു കാര്യമായിരുന്നു അർജന്റീന ദേശീയ ടീമിൽ കളിക്കുക എന്നുള്ളത്.അത് നഷ്ടമായതിൽ ഞാൻ കടുത്ത നിരാശയിലാണ്.പക്ഷേ ഇതൊക്കെ ഈ പ്രൊഫഷന്റെ ഭാഗമാണ്.എന്തൊക്കെയായാലും എത്രയും പെട്ടെന്ന് പരിക്കിൽ നിന്നും തിരിച്ചെത്തുന്നതിലാണ് ഞാൻ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.ഒരിക്കലും വിട്ടു നല്കരുതെന്ന് പാഠം ദൈവം എന്നെ പഠിപ്പിച്ചിട്ടുണ്ട്.ഞാൻ പൂർവാധികം ശക്തിയോടെ തിരിച്ചുവരും:ഗർനാച്ചോ എഴുതി.
🚨 جارناتشو عبر IG :
— بلاد الفضة 🏆 (@ARG4ARB) March 14, 2023
أشعر بخيبة أمل لعدم خوض فرصة التواجد مع زملائي في المنتخب الوطني الأرجنتيني ومشاركة لحظة رائعة بالنسبة لي ولعائلتي ، سأحرص على العودة أقوى من أي وقت مضى. pic.twitter.com/rm7YNGSM8i
ഈ പ്രീമിയർ ലീഗിൽ പലപ്പോഴും പകരക്കാരനായി കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി അദ്ദേഹം കളിച്ചിരുന്നു.രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും പ്രീമിയർ ലീഗിൽ അദ്ദേഹം നേടിയിട്ടുണ്ട്.അദ്ദേഹത്തിന്റെ അർജന്റീന അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ഇനിയും വൈകുന്നതിൽ ആരാധകർ നിരാശരാണ്.