‘ഗോളുകൾ പിറന്നത് ഓസ്‌ട്രേലിയയുടെ മികച്ച പ്രകടനത്തിൽ നിന്നല്ല, മറിച്ച് നിരുത്തരവാദിത്തം കൊണ്ടാണ്’ : ഏഷ്യൻ കപ്പിലെ തോൽവിയെക്കുറിച്ച് ഇഗോർ സ്റ്റിമാക് |  AFC Asian Cup

അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന എഎഫ്‌സി ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തിൽ കരുത്തരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ടു ഗോളിന്റെ തോൽവിയാണു ഇന്ത്യ ഏറ്റുവാങ്ങിയത്.കരുത്തരായ ഓസ്‌ട്രേലിയയെ ആദ്യ പകുതിയില്‍ ഗോള്‍രഹിത സമനിലയില്‍ തളയ്ക്കാന്‍ സാധിച്ചെങ്കിലും രണ്ടാം പകുതിയില്‍ ജാക്‌സിന്‍ ഇര്‍വിന്‍, ജോര്‍ദാന്‍ ബോസ് എന്നിവർ നേടിയ ഗോളുകൾക്ക് ഇന്ത്യ പരാജയം സമ്മതിച്ചു.

ടീമിന്റെ പ്രകടനത്തിൽ മൊത്തത്തിൽ സന്തോഷമുണ്ടെന്നും എന്നാൽ ചില പിഴവുകളിൽ നിരാശയുണ്ടെന്നും ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക് പറഞ്ഞു.“ഓസ്‌ട്രേലിയയുടെ ശാരീരികക്ഷമതയും വലതുവശത്ത് നിന്ന് ശക്തമായ ആക്രണമണവും ഉപയോഗിച്ച് ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു മത്സരമാണ് പ്രതീക്ഷിച്ചത്.ഫലത്തിൽ അത്ര സന്തുഷ്ടനല്ല, കാരണം രണ്ട് ഗോളുകളും ഞങ്ങളുടെ അലസമായ പ്രതികരണങ്ങളിൽ നിന്നാണ് വന്നത്,” സ്റ്റിമാക് മത്സരത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ഈ ഗോളുകൾ പിറന്നത് ഓസ്‌ട്രേലിയയുടെ മികച്ച പ്രകടനത്തിൽ നിന്നല്ല, മറിച്ച് ഒരു നിശ്ചിത സമയത്ത് ഞങ്ങളുടെ നിരുത്തരവാദിത്തം കൊണ്ടാണ്” പരിശീലകൻ കൂട്ടിച്ചേർത്തു.“ഒരു പരിശീലകനെന്ന നിലയിൽ ഞാൻ സന്തുഷ്ടനാണ്, കാരണം ആദ്യ 45 മിനിറ്റുകളിൽ ഞങ്ങൾക്ക് അവരെ ഗോളടിക്കാതെ പിടിച്ചു നിർത്താൻ സാധിച്ചു. ഞങ്ങൾക്ക് ഗോൾ നേടാനുള്ള ഒരു അവസരം വരികയും ചെയ്തു” സ്ടിമാക്ക് പറഞ്ഞു.പതിനാറാം മിനിറ്റിൽ നിഖിൽ പൂജാരിയുടെ ക്രോസിൽ നിന്ന് സുനിൽ ഛേത്രിയുടെ ഫ്‌ളൈയിംഗ് ഹെഡർ പുറത്തേക്ക് പറന്നപ്പോൾ ഇന്ത്യ സ്‌കോറിങ്ങിന് അടുത്തെത്തി.

എന്നാൽ രണ്ടാം പകുതിയിൽ ഇന്ത്യയുടെ മികച്ച പ്രകടനം ആയിരുന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്റ്റിമാക്കിന്റെ സ്ക്വാഡ് തിരഞ്ഞെടുക്കൽ പലരെയും അത്ഭുതപ്പെടുത്തി, അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട ലെഫ്റ്റ് ബാക്ക് ആകാശ് മിശ്ര, പരിചയസമ്പന്നരായ മിഡ്ഫീൽഡർമാരായ അനിരുദ്ധ് ഥാപ്പ, മഹേഷ് സിംഗ് നൗറം എന്നിവരെ ബെഞ്ചിലിരുത്തി. പകരം ഡിഫൻസീവ് മിഡ്ഫീൽഡിൽ അരങ്ങേറ്റക്കാരൻ ദീപക് താംഗ്രി തുടങ്ങിയപ്പോൾ സുഭാഷിഷ് ബോസ് ലെഫ്റ്റ് ബാക്ക് റോൾ കളിച്ചു.

ഇന്ത്യ അടുത്ത മത്സരത്തിൽ ഉസ്ബകിസ്ഥാനെയാണ് നേരിടുക.ജനുവരി പതിനെട്ടാം തീയതിയാണ് ആ മത്സരം നടക്കുക. സിറിയയും ഉസ്ബക്കിസ്ഥാനും തമ്മിൽ നടന്ന മത്സരം സമനിലയിൽ കലാശിക്കുകയാണ് ചെയ്തിട്ടുള്ളത്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്നവർക്കാണ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാൻ സാധിക്കുക.

Rate this post