ഒനാനയെ കുറ്റപ്പെടുത്തുന്നതിന് പകരം സിയെച്ചിനെ പ്രശംസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് |Manchester United

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന നിർണായക പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തുർക്കി ക്ലബായ ഗലറ്റസറെയോട് 3-3 ന്റെ സമനില വഴങ്ങിയിരുന്നു. 3-1 ന് മുന്നിൽ നിന്ന യുണൈറ്റഡ് സമനില ചോദിച്ചു വാങ്ങുകയായിരുന്നു. ഇതോടെ അഞ്ച് കളികളിൽ ഒരു ജയം മാത്രമുള്ള യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എ യിൽ അവസാന സ്ഥാനക്കാരാണ്.

സമനിലയോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നോക്ക് ഔട്ട് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്.ചാമ്പ്യൻസ് ലീഗിലെ അവസാന 16ലെത്താൻ നേരിയ പ്രതീക്ഷകൾ മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് അവശേഷിക്കുന്നത്.ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയ ഗോളുകളുടെ എണ്ണത്തിൽ എറിക് ടെൻ ഹാഗ് നിരാശനായിരുന്നു, എന്നാൽ ചാമ്പ്യൻസ് ലീഗിൽ ഗലാറ്റസരെയ്‌ക്കെതിരെ മത്സരത്തിൽ രണ്ട് പിഴവുകൾ ഉണ്ടായിട്ടും ഗോൾകീപ്പർ ആന്ദ്രേ ഒനാനയെ കുറ്റപ്പെടുത്താൻ പരിശീലകൻ തയ്യാറായില്ല.

ഈ വർഷത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ആന്റ്‌വെർപ്പിന് മാത്രമേ യൂണൈറ്റഡിനെക്കാൾ കൂടുതൽ ഗോളുകൾ വഴങ്ങിയുള്ളൂ.മാഞ്ചസ്റ്റർ യുണൈറ്റഡിന് നോക്കൗട്ട് റൗണ്ടിൽ കടക്കാനുള്ള ഏത് സാധ്യതയും നിലനിൽക്കണമെങ്കിൽ ഡിസംബർ 12ന് നടക്കുന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇതിനകം യോഗ്യത നേടിയ ബയേൺ മ്യൂണിക്കിനെ യുണൈറ്റഡ് പരാജയപ്പെടുത്തണം. ഗലാറ്റസറെയും എഫ്‌സി കോപ്പൻഹേഗനും തമ്മിലുള്ള മത്സരം സമനില ആവുകയും വേണം.ഏതെങ്കിലും ടീമുകൾ ജയിച്ചാൽ യുണൈറ്റഡ് പുറത്താകും.

“നിങ്ങൾ അത്ര എളുപ്പത്തിൽ ഫ്രീ-കിക്കുകൾ നൽകരുത്, അങ്ങനെ സംഭവിച്ചാൽ ഫ്രീ-കിക്കുകൾ നന്നായി പ്രതിരോധിക്കണം. ഇന്നലെ രണ്ടു തവണ പിഴവുകൾ സംഭവിച്ചു, ഫ്രീകിക്കുകൾ എടുക്കുന്നതിൽ സിയെച്ച് മിടുക്കനാണ്.അത്തരം സോണുകളിൽ അവൻ അസാധാരണനാണ്. അത്തരം ഫ്രീ-കിക്കുകൾ പ്രതിരോധിക്കാനും വളരെ ബുദ്ധിമുട്ടാണ്,” ഒനാനയെ കുറ്റപ്പെടുത്തുന്നതിന് പകരം ടെൻ ഹാഗ് സിയെച്ചിനെ പ്രശംസിച്ചു.

Rate this post