കോണ്ടെയെ ഇന്റർ മിലാൻ പുറത്താക്കുമെന്ന് റിപ്പോർട്ടുകൾ

പരിശീലകനായ അന്റോണിയോ കോണ്ടെയെ ഇന്റർ മിലാൻ പുറത്താക്കുമെന്ന് അഭ്യൂഹങ്ങൾ. ഇറ്റാലിയൻ മാധ്യമമായ ടുട്ടോ സ്പോർട്സാണ് ഇക്കാര്യം പുറത്തു വിട്ടത്. നിലവിൽ ടീമിന്റെ മോശം പ്രകടനത്തിനൊപ്പം പ്രസ് കോൺഫറൻസടക്കമുള്ള കാര്യങ്ങളിൽ കോണ്ടെയുടെ രീതികളോട് ക്ലബ് നേതൃത്വത്തിന് താൽപര്യമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സീസണിന്റെ തുടക്കം വളരെ മികച്ചതായിരുന്നു ഇന്റർ മിലാന്റെത്. സ്ഥാനമേറ്റെടുത്ത ആദ്യ സീസണിൽ തന്നെ കോണ്ടെ ഇന്ററിന് കിരീടം നേടിക്കൊടുക്കുമെന്നു പ്രതീക്ഷിച്ചവരും കുറവല്ല. എന്നാൽ ഇപ്പോൾ മോശം പ്രകടനം നടത്തുന്ന ടീം സീരി എയിൽ ഒന്നാം സ്ഥാനത്തുള്ള യുവന്റസുമായി പത്തു പോയിന്റിന്റെ വ്യത്യാസത്തിൽ നാലാം സ്ഥാനത്താണുള്ളത്.

ഈ സീസണു ശേഷം കോണ്ടെയെ ഒഴിവാക്കാനാണ് ഇന്റർ നേതൃത്വം ആലോചിക്കുന്നതെന്നാണ് ടുട്ടോസ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നത്. ഇറ്റാലിയൻ പരിശീലകന്റെ ഭീമമായ പ്രതിഫലവും ഇന്ററിനു പ്രശ്നമാണ്. കഴിഞ്ഞ സീസണിലെ പരിശീലകനായിരുന്ന സ്പല്ലറ്റി നാലരലക്ഷം യൂറോ സീസണിൽ പ്രതിഫലം വാങ്ങിയിരുന്നപ്പോൾ പതിനൊന്നു ദശലക്ഷം യൂറോയാണ് കോണ്ടെയുടെ പ്രതിഫലം.

പത്രസമ്മേളനത്തിൽ ടീമിന്റെ മോശം പ്രകടനത്തെ തുടർന്നുള്ള വിമർശനങ്ങളെ സ്വീകരിക്കില്ലെന്നതും കോണ്ടെയെ അനഭിമതനാക്കുന്നുണ്ട്. ഇനി ഏഴു മത്സരങ്ങൾ മാത്രം സീരി എയിൽ ബാക്കി നിൽക്കെ ഇന്ററിനു കിരീടപ്രതീക്ഷ ഇല്ലാത്തതിനാൽ യൂറോപ്പ ലീഗ് കിരീടം മാത്രമാണ് കോണ്ടെക്കു സ്ഥാനം നിലനിർത്താനുള്ള ഒരേയൊരു വഴി.

Rate this post