ലൂയിസ് സുവാരസിന്റെ ഇഞ്ചുറി ടൈം ഗോളിൽ തോൽ‌വിയിൽ നിന്നും രക്ഷപെട്ട് ഇന്റർ മയാമി | Inter Miami

കോൺകാകാഫ് ചാമ്പ്യൻസ് ട്രോഫി റൗണ്ട് ഓഫ് 16 ലെ ആദ്യ പാദ മത്സരത്തിൽ നാഷ്‌വില്ലെയോട് സമനില നേടി ഇന്റർ മയാമി.ഇരു ടീമുകളും രണ്ടു ഗോളുകളാണ് മത്സരത്തിൽ നേടിയത്. ഇഞ്ചുറി ടൈമിൽ ഉറുഗ്വേൻ സൂപ്പർ താരം ലൂയി സുവാരസ് നേടിയ ഗോളാണ് ഇന്റർ മയാമിയെ തോൽ‌വിയിൽ നിന്നും രക്ഷിച്ചത്. രണ്ടു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഇന്റർ മയാമി സമനില പിടിച്ചത്.

ലയണൽ മെസ്സിയുടെ മിന്നുന്ന ഗോളാണ് മയാമിയെ മത്സരത്തിലേക്ക് തിരികെ കൊണ്ട് വന്നത്.ടെന്നസിയിലെ നാഷ്‌വില്ലെയിലെ ജിയോഡിസ് പാർക്കിൽ നടന്ന മത്സരത്തിൽ നാലാം മിനുട്ടിൽ തന്നെ ജേക്കബ് ഷാഫൽബർഗ് നേടിയ ഗോളിൽ നാഷ്‌വില്ലെ മുന്നിലെത്തി. ഒരു ഗോളിന്റെ ലീഡിൽ ആദ്യ പകുതി അവസാനിപ്പിക്കാൻ നാഷ്‌വില്ലേക്ക് സാധിച്ചു. രണ്ടാം പകുതി ആരംഭിച്ച് ആദ്യ മിനുട്ടിൽ തന്നെ ജേക്കബ് ഷാഫൽബർഗ് നാഷ്‌വില്ലെയുടെ ലീഡുയർത്തി. അതിനു ശേഷം മിയാമിയുടെ തിരിച്ചുവരവായിരുന്നു കാണാൻ സാധിച്ചത്.

52 മിനിറ്റിൽ ലിയോ മെസ്സി നേടുന്ന തകർപ്പൻ ഗോളിലൂടെ തിരിച്ചുവന്ന മയാമി 95 മിനിറ്റിൽ ലൂയിസ് സുവാറസിന്റെ ഹെഡ്ഡർ ഗോളിലൂടെ സമനിലയും സ്വന്തമാക്കി.ഇന്ത്യൻ സമയം മാർച്ച് 14ന് രാവിലെ 5 : 45 നടക്കുന്ന രണ്ടാം പാദ മത്സരത്തിന് വേണ്ടിയാണു ആരാധകർ കാത്തിരിക്കുന്നത്, ഈ മത്സരം ഫ്ലോറിഡയിലെ സ്റ്റേഡിയത്തിൽ വെച്ചാണ് അരങ്ങേറുന്നത്.

അതേസമയം ഇതിനു മുൻപായി നിലവിൽ മേജർ സോക്കർ ലീഗിലെ പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്തുള്ള ഇന്റർമിയാമിക്ക് മാർച്ച് 11ന് ഇന്ത്യൻ സമയം രാവിലെ 2:30ന് ലീഗ് മത്സരം  കളിക്കാനുണ്ട്

Rate this post