സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ മത്സരത്തിൽ ഇന്റർ മയാമിക്ക് ഗോൾരഹിത സമനില. മേജർ ലീഗ് സോക്കറിൽ ഇന്ന് നടന്ന എവേ മത്സരത്തിൽ ഒർലാണ്ടോ സിറ്റിയാണ് മയാമിയെ സമനിലയിൽ തളച്ചത്.മോൺട്രിയലിനെതിരായ മത്സരത്തിൽ ലയണൽ മെസ്സിക്ക് കാൽമുട്ടിന് പരിക്കേറ്റിരുന്നു. ലയണൽ മെസ്സി ഇല്ലാതെ 13 മത്സരങ്ങൾ കളിച്ച ഇൻ്റർ മിയാമിക്ക് 2 മത്സരങ്ങൾ മാത്രമാണ് ജയിക്കാനായത്.
അഞ്ച് മത്സരങ്ങളുടെ വിജയ പരമ്പര അവസാനിപ്പിച്ചെങ്കിലും MLS പ്ലേയിലെ അപരാജിത റൺ എട്ടാക്കി ഉയർത്താൻ മയാമിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടു മത്സരങ്ങളിൽ നിന്നും അഞ്ചു വിജയങ്ങളും മൂന്നു സമനിലയും ഇന്റർ മയാമി നേടിയിട്ടുണ്ട്.പൊസഷനിൽ 59 ശതമാനത്തോളം മിയാമി നിയന്ത്രിച്ചുവെങ്കിലും കൂടുതൽ ഗോൾ അവസരങ്ങൾ ലഭിച്ചത് ഒർലാണ്ടോ സിറ്റിക്കായിരുന്നു.
ആദ്യ 10 മിനിറ്റിനുള്ളിൽ ലൂയിസ് സുവാരസിൻ്റെയും റോബർട്ട് ടെയ്‌ലറുടെയും ഭാഗത്ത് നിന്നും ഗോൾ ശ്രമങ്ങൾ ഉണ്ടായിരുന്നു.32-ാം മിനിറ്റിൽ ഒർലാണ്ടോ താരം മാർട്ടിൻ ഒജെഡയുടെ ഷോട്ട് മയാമി കീപ്പർ കോളെൻഡർ തടുത്തിട്ടു.രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒർലാൻഡോ കാലെൻഡറിനെ വീണ്ടും പരീക്ഷിച്ചെങ്കിലും 52-ാം മിനിറ്റിൽ ഡേവിഡ് ബ്രേക്കലോയുടെ ഹെഡ്ഡർ അദ്ദേഹം തടഞ്ഞു.
രണ്ടാം പകുതിയിൽ ഗോൾ നേടാനുള്ള അവസരങ്ങൾ ലഭിച്ചെങ്കിലും ഇരു ടീമുകൾക്കും മുതലാക്കാൻ സാധിച്ചില്ല. 14 മത്സരങ്ങളിൽ നിന്നും 28 പോയിന്റുമായി ഇന്റർ മയാമി ഒന്നാം സ്ഥാനത്താണ്.