ലയണൽ മെസ്സിയുടെ ബാല്യകാല ക്ലബിന് മുന്നിലും അടിപതറി, ഇന്റർ മിയാമിക്ക് വിജയം കിട്ടാക്കനിയാണ്.. | Lionel Messi

എട്ടുതവണ ഫിഫയുടെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ലിയോ മെസ്സി തന്റെ ബാല്യകാല ക്ലബ്ബായ അർജന്റീനയിലെ റോസാരിയോയിലുള്ള നെവെൽസ് ഓൾഡ് ബോയ്സിനെതിരെ ആദ്യമായി കളിക്കാൻ ഇറങ്ങിയ രാവിൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മിയാമിക്ക് ഹോം സ്റ്റേഡിയത്തിൽ അർജന്റീന ക്ലബ്ബിനെതിരെ സമനിലയാണ് വഴങ്ങേണ്ടി വന്നത്. പ്രി സീസൺ ടൂറിൽ ഹോങ്കോങ് ഇലവനേതിരായ മത്സരം മാത്രം വിജയിച്ച ഇന്റർമിയാമിക്ക് മറ്റു ടീമുകളെ പരാജയപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.

മേജർ സോക്കർ ലീഗിലെ മത്സരം കളിക്കാൻ ഒരുങ്ങുന്ന ലിയോ മെസ്സിക്കും ഇന്റർമിയാമിക്കും പ്രീസീസൺ ടൂറിൽ തിളങ്ങാൻ ആവാതെ പോയത് ലീഗ് മത്സരങ്ങളിലേക്ക് വരുമ്പോൾ ഇന്റർമിയാമിയുടെ പ്രകടനത്തെ ബാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. താരതമ്യേനെ തങ്ങളെക്കാൾ ദുർബലരായ എതിരാളികളെ കിട്ടിയിട്ട് പോലും ഇന്റർമിയാമിക്ക് മത്സരങ്ങൾ വിജയിക്കാൻ കഴിഞ്ഞിട്ടില്ല. പ്രീ സീസണിലെ മോശം ഫോം ലീഗ് മത്സരങ്ങളിൽ തുടരുകയാണെങ്കിൽ ലീഗ് കിരീടം എന്ന സ്വപ്നം മെസ്സിക്കും മിയാമിക്കും മുന്നിൽ അകന്നു പോകും.

എന്തായാലും അർജന്റീന ക്ലബ്ബിനെതിരെ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലിയോ മെസ്സിയും സുവാരസും ആൽബയും ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളാണ് കളിക്കളത്തിൽ ഇറങ്ങിയത്, ആദ്യമായാണ് ലിയോ മെസ്സി തന്റെ മുൻക്ലബ്ബിനെതിരെ കളിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ട്. സൂപ്പർ താരങ്ങൾ അണിനിരന്നിട്ടും സ്വന്തം കാണികൾക്ക് മുന്നിൽ ഹോം സ്റ്റേഡിയത്തിൽ മെസ്സിയുൾപ്പടെയുള്ള സൂപ്പർ താരങ്ങൾക്ക് കാര്യമായ ചലനങ്ങൾ ആദ്യപകുതിയിൽ സൃഷ്ടിക്കാനായില്ല.

ഗോൾ രഹിത സമനിലയിൽ അവസാനിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ 60 മിനിറ്റിൽ ലിയോ മെസ്സിയെയും തുടർന്ന് സുവാരസ്‌, ആൽബ തുടങ്ങിയ സൂപ്പർ താരങ്ങളെ മിയാമി പിൻവലിച്ചു. 64 മിനിറ്റിൽ ലഭിച്ച കോർണർ നിന്നും ഉയർന്നു വന്ന പന്തിനെ ഹെഡ് ചെയ്ത്കൊണ്ട് വലയിലാക്കി ബോർജെലിൻ ഇന്റർമിയാമിക്ക് ലീഡ് സമ്മാനിച്ചു. എന്നാൽ മിയാമിയുടെ സ്റ്റേഡിയത്തിൽ 83 മിനിറ്റിൽ ഡയസിന്റെ ഗോളിലൂടെ സമനില ഗോൾ സ്വന്തമാക്കിയ അർജന്റീനിയൻ ക്ലബ്ബ് മത്സരം സമനിലയിലെത്തിച്ചു. മേജർ സോക്കർ ലീഗിലെ മിയാമിയുടെ ആദ്യ മത്സരം അടുത്ത വ്യാഴാഴ്ചയാണ് അരങ്ങേറുന്നത്.

5/5 - (1 vote)