2009-10 സീസണിൽ ബയേൺ മ്യൂണിക്കിനെ കീഴടക്കി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയതിന് ശേഷം പിന്നീട് ഒരിക്കൽ പോലും ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ കടക്കാൻ ഇന്റർ മിലാനു കഴിഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ബെൻഫിക്കയെ രണ്ടു പാദങ്ങളിലുമായി മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് കീഴടക്കി ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലേക്ക് കടക്കാൻ ഇന്റർ മിലാനു കഴിഞ്ഞു.
ബെൻഫിക്കയുടെ മൈതാനത്തു നടന്ന ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം നേടിയ ഇന്റർ മിലാൻ ഇന്നലെ സ്വന്തം മൈതാനത്ത് സമനില വഴങ്ങുകയായിരുന്നു. രണ്ടു ടീമുകളും മൂന്നു ഗോളുകൾ നേടിയാണ് മത്സരം സമനിലയിൽ പിരിഞ്ഞത്. എൺപത്തിയാറാം മിനുട്ട് വരെയും ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മുന്നിലായിരുന്ന ഇന്റർ അതിനു ശേഷമാണ് രണ്ടു ഗോളുകൾ വഴങ്ങുന്നത്.
ഇന്റർ മിലൻറെ മുന്നേറ്റത്തിൽ അർജന്റീന താരങ്ങളുടെ പങ്ക് വളരെ വലുതാണ്. ഇന്നലെ നടന്ന മത്സരത്തിൽ പിറന്ന മൂന്നു ഗോളുകളിലും അർജന്റീന താരങ്ങൾ ഭാഗമായിരുന്നു. ലൗടാരോ മാർട്ടിനസ് ആദ്യഗോളിന് വഴിയൊരുക്കുകയും രണ്ടാമത്തെ ഗോൾ നേടുകയും ചെയ്തപ്പോൾ മൂന്നാമത്തെ ഗോൾ നേടിയത് അർജന്റീനയുടെ തന്നെ മറ്റൊരു താരമായ ജൊവാക്വിൻ കൊറേയയാണ്.
Lautaro Martinez Vs Benficapic.twitter.com/e2HXD2vevB
— ً (@DLComps) April 19, 2023
ലോകകപ്പിന് ശേഷം അർജന്റീന താരങ്ങൾക്ക് വളരെയധികം ആത്മവിശ്വാസമുണ്ടെന്ന് തീർച്ചയാണ്. ലൗടാരോ മാർട്ടിനസ് ലോകകപ്പിൽ മോശം പ്രകടനമാണ് നടത്തിയതെങ്കിലും അതിനു ശേഷം ക്ലബ്ബിലേക്ക് തിരിച്ചു വന്ന് ഗംഭീരമായ കളിയാണ് കാഴ്ച വെക്കുന്നത്. നിരവധി വർഷങ്ങൾക്കപ്പുറം ചാമ്പ്യൻസ് ലീഗിന്റെ സെമിയിലേക്ക് ടീമിനെ എത്തിച്ചതിലൂടെ തന്റെ ആത്മവിശ്വാസം താരം തെളിയിക്കുകയും ചെയ്തു.
ലോകകപ്പിന് ശേഷം ഇനി ചാമ്പ്യൻസ് ലീഗ് കിരീടം കൂടി നേടാനുള്ള തയ്യാറെടുപ്പിലാണ് ഇന്ററിലെ അർജന്റീന താരങ്ങൾ. സെമിയിൽ ഇറ്റാലിയൻ ക്ലബായ എസി മിലാനാണ് ഇന്റർ മിലൻറെ എതിരാളികൾ. 2007നു ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് സെമി കളിക്കുന്ന എസി മിലാനും 2010നു ശേഷം ഫൈനലിലേക്ക് കടക്കാൻ ശ്രമിക്കുന്ന ഇന്ററും തമ്മിൽ ഏറ്റുമുട്ടുമ്പോൾ തീപാറും പോരാട്ടം തന്നെ നടക്കുമെന്നുറപ്പാണ്.