ഇന്നലെ നടന്ന മത്സരത്തിൽ എസി മിലാനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചതോടെ ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലേക്ക് ആധികാരികമായി തന്നെ കടന്നിരുന്നു. ലൗടാരോ മാർട്ടിനസ് നേടിയ ഗോളിൽ വിജയം സ്വന്തമാക്കിയതോടെ രണ്ടുപാദങ്ങളിലുമായി മൂന്നു ഗോളിന്റെ വിജയം നേടിയാണ് ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തിയത്.
2010ൽ കിരീടം നേടിയതിനു ശേഷം ആദ്യമായാണ് ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ എത്തുന്നത്. 2010നു ശേഷം ഒരു ഇറ്റാലിയൻ ക്ലബും ചാമ്പ്യൻസ് ലീഗ് നേടിയിട്ടില്ലെന്ന ചരിത്രം തിരുത്താൻ അവർ ഒരുങ്ങുമ്പോൾ എതിരാളികൾ മാഞ്ചസ്റ്റർ സിറ്റിയോ റയൽ മാഡ്രിഡോ ആയിരിക്കും. ഇവരിൽ ആരെയാണ് ഫൈനലിൽ നേരിടാൻ ആഗ്രഹിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ഇന്റർ വൈസ് പ്രസിഡന്റ് സനേട്ടി വ്യക്തമാക്കുകയുണ്ടായി.
“എനിക്ക് റയൽ മാഡ്രിഡിനെ ഒഴിവാക്കാനാണ് ആഗ്രഹം, കാരണം ഈ ടൂർണമെന്റ് അവർക്കായി ഉണ്ടാക്കിയതു പോലെയാണ്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇവിടെയെത്തിയെന്നതാണ്. ഇതൊരു ബുദ്ധിമുട്ടേറിയ പാതയായിരുന്നു. സെമി ഫൈനലിൽ ഡെർബി കളിക്കേണ്ടി വരുന്നത് എളുപ്പമല്ല. ഞാൻ 2003ൽ കളിച്ചിട്ടുണ്ട്, തോൽക്കുകയും ചെയ്തു.” മുൻ അർജന്റീന താരം കൂടിയായ സനേട്ടി പറഞ്ഞു.
🗣️ Zanetti: “Our opponent for the final? I want to avoid Real Madrid, this competition is made for them.” pic.twitter.com/hRFZaFNK3c
— Madrid Xtra (@MadridXtra) May 16, 2023
2010ൽ ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തുമ്പോൾ സനെട്ടി ആയിരുന്നു ടീമിന്റെ നായകൻ. ഇന്ന് ടീമിനെ മുന്നോട്ടു നയിക്കുന്നത് അർജന്റീന താരമായ ലൗടാരോ മാർട്ടിനസാണ്. താരത്തിന്റെ മികച്ച ഫോം ഏതു ടീമിനെയും മറികടക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.