നിലവിൽ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മെസ്സിയാണോ എംബപ്പേയാണോ ഒന്നാം സ്ഥാനത്ത്? റൂൾസ് അറിയൂ! |Qatar 2022

ഖത്തർ വേൾഡ് കപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞു.ഇനി ഫൈനൽ പോരാട്ടം മാത്രമാണ് അവശേഷിക്കുന്നത്. അർജന്റീനയും ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടുന്ന ഫൈനൽ പോരാട്ടം ഞായറാഴ്ച്ച രാത്രിയാണ് നടക്കുക.

വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരത്തിന് നൽകുന്ന ഗോൾഡൻ ബൂട്ട് പുരസ്കാരത്തിന് വേണ്ടിയുള്ള പോരാട്ടം തുടർന്നുകൊണ്ടിരിക്കുകയാണ്. ഫൈനലിൽ പങ്കെടുക്കുന്ന രണ്ട് താരങ്ങൾ തമ്മിലാണ് ഇപ്പോൾ പ്രധാനമായും പോരാട്ടം നടക്കുന്നത്. ലയണൽ മെസ്സിയും കിലിയൻ എംബപ്പേയുമാണ് ഇപ്പോൾ മുന്നിലുള്ളത്. അതോടൊപ്പം തന്നെ ഫൈനലിൽ പങ്കെടുക്കുന്ന ജിറൂദും ജൂലിയൻ ആൽവരസും നിലവിൽ ഇവരുടെ തൊട്ടു പിറകിലുണ്ട്.

5 ഗോളുകൾ വീതമാണ് ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും ഈ വേൾഡ് കപ്പിൽ ഇതുവരെ നേടിയിട്ടുള്ളത്. മൂന്ന് അസിസ്റ്റുകൾ മെസ്സി നേടിയപ്പോൾ രണ്ട് അസിസ്റ്റുകളാണ് കിലിയൻ എംബപ്പേ നേടിയിട്ടുള്ളത്. എന്നാൽ മിനുട്സ്‌ പെർ ഗോളിന്റെ കാര്യത്തിലേക്ക് വരുമ്പോൾ മെസ്സി ഓരോ 114 മിനിറ്റിലും ശരാശരി ഓരോ ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്.എംബപ്പേയാവട്ടെ ഓരോ 95 മിനിറ്റിലും ഓരോ ഗോളുകൾ വീതം നേടിയിട്ടുണ്ട്.

പക്ഷേ ഗോളുകൾ സമമാണെങ്കിൽ പിന്നീട് ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ അസിസ്റ്റുകളാണ് പരിഗണിക്കുക. ആ നിലയിലാണ് ഇപ്പോൾ ലയണൽ മെസ്സി ഒന്നാം സ്ഥാനത്ത് തുടരുന്നത്. കാരണം എംബപ്പേയേക്കാൾ കൂടുതൽ അസിസ്റ്റുകൾ ഇപ്പോൾ ഉള്ളത് മെസ്സിക്കാണ്. ഇനി അസിസ്റ്റുകളും സമമാണെങ്കിൽ മാത്രമേ മിനുട്സ്‌ പെർ ഗോൾ പരിഗണിക്കുകയുള്ളൂ.

അതായത് നിലവിലെ രൂപത്തിൽ അവസാനിക്കുകയാണെങ്കിൽ ഗോൾഡൻ ബൂട്ട് പുരസ്കാരം ലയണൽ മെസ്സി സ്വന്തമാക്കും. ഇതോടൊപ്പം തന്നെ മെസ്സിക്കും എംബപ്പേക്കും വെല്ലുവിളി ഉയർത്തിക്കൊണ്ട് ജൂലിയൻ ആൽവരസും ജിറൂദും തൊട്ടു പിറകിൽ ഉണ്ട്.നാലു വീതം ഗോളുകളാണ് ഇരുവരും നേടിയിട്ടുള്ളത്.അസിസ്റ്റുകൾ ഒന്നും നേടിയിട്ടില്ല. അതുകൊണ്ടുതന്നെ മിനിറ്റ്സ്‌ പെർ ഗോൾ പരിഗണിക്കുമ്പോൾ ആൽവരസ് മൂന്നാം സ്ഥാനത്തും ജിറൂഡ് നാലാം സ്ഥാനത്തുമാണ് വരുന്നത്.

ചുരുക്കത്തിൽ ഫൈനലിനെ ആശ്രയിച്ചാണ് ഈ ഗോൾഡൻ ബൂട്ട് പുരസ്കാരം നിലനിൽക്കുന്നത്. ഫൈനലിൽ ഗോളടിച്ചുകൊണ്ട് തിളങ്ങുന്നവർക്ക് ഈ പുരസ്കാരം സ്വന്തമാക്കാൻ സാധിക്കും.മെസ്സി- എംബപ്പേ എന്നിവരിൽ ഒരാൾ തന്നെ സ്വന്തമാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Rate this post
ArgentinaFIFA world cupKylian MbappeLionel MessiQatar2022