റയൽ മാഡ്രിഡ് സൂപ്പർതാരമായ ഇസ്കോയെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങളോടു പ്രതികരിച്ച് എവർട്ടൺ പരിശീലകൻ കാർലോ ആൻസലോട്ടി. സിദാനു കീഴിൽ അവസരങ്ങൾ കുറഞ്ഞതിനെ തുടർന്ന് ജനുവരിയിൽ ഹമേസിന്റെ പാത പിന്തുടർന്ന് ഇസ്കോ റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്കു ചേക്കേറുമെന്ന് യൂറോപ്പിലെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ഇസ്കോ വളരെ മികച്ച താരമാണ്. അദ്ദേഹത്തെക്കുറിച്ച് വളരെ നല്ല ഓർമകളുമാണ് എനിക്കുള്ളത്. എന്നാൽ ഇപ്പോൾ ഞാനവിടേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നേയില്ല. അടുത്തയാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടക്കുന്ന മത്സരത്തിനു മുൻപ് താരങ്ങളുടെ ഫിറ്റ്നസ് വീണ്ടെടുക്കുന്നതിലാണ് ഞാൻ ശ്രദ്ധ ചെലുത്തുന്നത്.” ആൻസലോട്ടി പറഞ്ഞു.
രണ്ടു സീസണുകളിൽ റയൽ മാഡ്രിഡ് പരിശീലകനായ ആൻസലോട്ടിയുടെ ആദ്യത്തെ സൈനിംഗുകളിൽ ഒന്നായിരുന്നു ഇസ്കോ. ഇറ്റാലിയൻ പരിശീലകനു കീഴിൽ നൂറോളം മത്സരങ്ങൾ കളിച്ച് പതിനേഴു ഗോളുകൾ സ്പാനിഷ് താരം നേടിയിട്ടുണ്ട്.
എന്നാൽ സിദാനു കീഴിൽ ഈ സീസണിൽ ഇസ്കോക്ക് അവസരങ്ങൾ കുറവാണ്. ഇതേത്തുടർന്ന് പരിശീലകനെതിരെ താരം പരാതിപ്പെടുകയും ചെയ്തിരുന്നു. അവസരങ്ങൾ ഇനിയും കുറഞ്ഞാൽ ജനുവരിയിൽ താരം റയൽ വിടുമെന്ന കാര്യമുറപ്പാണ്.