റയൽ മാഡ്രിഡിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തതിനാൽ മധ്യനിര താരം ഇസ്ക്കോ ടീം വിടാനൊരുങ്ങുകയാണെന്ന് മുമ്പ് തന്നെ വാർത്തകൾ ഉണ്ടായിരുന്നു. യൂറോപ്പിലെ പ്രമുഖടീമുകളുമായി ബന്ധപ്പെടുത്തിയായിരുന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ഇപ്പോഴിതാ താരം റയൽ മാഡ്രിഡ് വിടുമെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. താരത്തിന്റെ പിതാവും ഏജന്റുമായ പാക്കോ അലാർക്കോണാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഇസ്ക്കോ മറ്റൊരു ലീഗിൽ കളിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്. എന്നാൽ ഇതുവരെ ഔദ്യോഗികമായ ഒരു ഓഫറും മറ്റൊരു ക്ലബ്ബിൽ നിന്ന് ഇസ്ക്കോക്ക് ലഭിച്ചിട്ടില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. മാഞ്ചസ്റ്റർ സിറ്റി, യുവന്റസ് എന്നിവയിൽ ഏതെങ്കിലും ഒരു ക്ലബ്ബിലേക്ക് താരം ചേക്കേറുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇവരിൽ നിന്ന് ഓഫറുകൾ വന്നിട്ടില്ല എന്നാണ് ഇദ്ദേഹം തുറന്നു പറഞ്ഞത്. എൽ ലാർഗുവേറോ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇസ്ക്കോയുടെ ഭാവിയെ പറ്റി സംസാരിച്ചത്.
” നിലവിൽ ഞങ്ങൾക്ക് ഒരു ഓഫറുകളും വന്നിട്ടില്ല. പക്ഷെ ഇസ്ക്കോ മറ്റൊരു ലീഗിലേക്ക് കൂടുമാറാൻ ആഗ്രഹിക്കുന്നു. അടുത്ത സമ്മർ വരെ റയൽ മാഡ്രിഡിൽ തുടരുക എന്നുള്ളത് ഇസ്ക്കോക്ക് പ്രശ്നമുള്ള കാര്യമല്ല ” താരത്തിന്റെ പിതാവ് പറഞ്ഞു. ഈ ജനുവരിയിൽ നല്ല ഓഫറുകൾ വന്നില്ലെങ്കിൽ അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകം വരെ കാത്തിരിക്കുമെന്നും റയൽ വിടാൻ ദൃതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പ്രീമിയർ ലീഗ് ക്ലബായ എവെർട്ടനെ ബന്ധിപ്പിച്ചു കൊണ്ട് മുമ്പ് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ എവെർട്ടൻ പരിശീലകൻ കാർലോ ആഞ്ചലോട്ടി നേരിട്ട് തന്നെ ഇത് തള്ളിയതോടെ ആ അഭ്യൂഹങ്ങൾക്ക് അവിടെ വിരാമമായി. റയൽ മാഡ്രിഡിൽ നിന്നും ഈ കഴിഞ്ഞ സമ്മറിലായിരുന്നു ഹാമിഷ് റോഡ്രിഗസ് എവെർട്ടണിലേക്ക് ചേക്കേറിയത്.