ഐഎസ്‌എൽ 2022-23 ൽ ഞായറാഴ്ച കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഹൈദരാബാദ് എഫ്‌സിയെ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടും.19 കളികളിൽ 31 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. അവരുടെ അവസാന ലീഗ് മത്സരത്തിലേക്ക് കടക്കുമ്പോൾ, ആദ്യ നാലിൽ ഫിനിഷ് ചെയ്യാനും പ്ലേഓഫിൽ ഹോം നേട്ടം നേടാനും ഇപ്പോഴും അവസരമുണ്ട്.
എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ സമീപകാല ഫോം ആശങ്കാജനകമാണ്.അവസാന അഞ്ച് മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമേ അവർ വിജയിച്ചിട്ടുള്ളൂ.ലീഗിൽ മൂന്നും നാലും സ്ഥാനക്കാർക്കുള്ളതാണു സ്വന്തം മൈതാനത്തു പ്ലേഓഫ് കളിക്കുന്നതിനുള്ള അവകാശം. 20 മത്സരങ്ങളിൽ നിന്നു 34 പോയിന്റുമായി ബെംഗളൂരു എഫ്സിയാണ് ഇപ്പോൾ മൂന്നാം സ്ഥാനത്ത്. 31 പോയിന്റ് വീതമുള്ള മോഹൻ ബഗാൻ നാലാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തുമാണ്,30 പോയിന്റുമായി ഒഡിഷയാണ് ആറാം സ്ഥാനത്ത്. ബ്ലാസ്റ്റേഴ്സും ബഗാനും അവസാന മത്സരങ്ങളിൽ ജയിച്ചാൽ മൂന്നു ടീമുകളും ഒരേ പോയിന്റിലെത്തും. അങ്ങനെ വന്നാൽ പരസ്പരം മത്സരിച്ചതിൽ മുൻതൂക്കമുള്ള ബഗാൻ മൂന്നാം സ്ഥാനക്കാരാകും.
പരസ്പരം മത്സരിച്ച കണക്കുകളിൽ ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും തുല്യമായതിനാൽ ഗോൾ വ്യത്യാസം കണക്കാക്കിയാകും നാലാം സ്ഥാനക്കാരെ നിർണയിക്കുക. ഗോവയ്ക്കെതിരെ വൻജയം കുറിച്ചതോടെ ഗോൾ വ്യത്യാസത്തിൽ ബെംഗളൂരു ബ്ലാസ്റ്റേഴ്സിനെക്കാൾ മുന്നിലെത്തി. മൂന്നാം സ്ഥാനക്കാരായി കൊച്ചിയിൽ കളിക്കണമെങ്കിൽ ഹൈദരാബാദിനെ 3 ഗോളിന്റെ വ്യത്യാസത്തിൽ പരാജയപെടുത്തുകയും ഈസ്റ്റ് ബംഗാളിനെതിരെ എടികെ മോഹൻ ബഗാൻ ജയിക്കാതിരിക്കുകയും വേണം.
മുൻ സീസണുകളിൽ 4 ടീമുകളാണ് പ്ലേ ഓഫിൽ ഉണ്ടായിരുന്നതെങ്കിൽ ഇക്കുറി 6 ടീമുകളായി അത് ഉയർന്നു. ലീഗ് ഘട്ടത്തിൽ ആദ്യ 6 സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ പ്ലേ ഓഫിലേക്ക് യോഗ്യത നേടുമ്പോൾ ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് സെമിയിലേക്കാണ് പ്രവേശിക്കുക. ബാക്കിയുള്ള 4 ടീമുകൾക്ക് സെമിയിലെത്താൻ ഒരു നോക്കൗട്ട് മത്സരം കൂടി കളിക്കേണ്ടി വരും.പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരും ആറാം സ്ഥാനക്കാരും തമ്മിലും, 4, 5 സ്ഥാനക്കാർ തമ്മിലുമാകും നോക്കൗട്ട് പോരാട്ടം. ബ്ലാസ്റ്റേഴ്‌സ് മൂന്നാമതായി ഫിനിഷ് ചെയ്യുകയാണെങ്കിൽ ഒഡീഷ എഫ് സിയാകും നോക്കൗട്ടിൽ എതിരാളികൾ
ഇതിലെ വിജയികൾ സെമിയിലേക്ക് മാർച്ച് ചെയ്യും. കേരള ബ്ലാസ്റ്റേഴ്സ് ഇക്കുറി നാലാമതോ അഞ്ചാമതോ ഫിനിഷ് ചെയ്യാനുള്ള സാധ്യതകൾ തന്നെയാണ് ഉയർന്ന് നിൽക്കുന്നത്. ഇത് കൊണ്ടു തന്നെ എടികെ മോഹൻ ബഗാൻ, ബെംഗളൂരു എഫ് സി ടീമുകളിൽ ഏതെങ്കിലുമാകും ബ്ലാസ്റ്റേഴ്സിന്റെ നോക്കൗട്ട് എതിരാളികൾ.