ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. ബംഗളുരു എഫ്സിക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ ജയമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. കഴിഞ്ഞ സീസണിലെ വിവാദ പ്ലെ ഓഫ് മത്സരത്തിലെ തോൽവിയുടെ കണക്കു തീർക്കുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് പുറത്തെടുത്തത്.ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി.
കനത്ത മഴയിലാണ് ബ്ലാസ്റ്റേഴ്സ് -ബംഗളുരു മത്സരം ആരംഭിച്ചത്. നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്.ആക്രമിച്ചു കളിച്ചെങ്കിലും കാര്യമായ ഗോളവസരങ്ങൾ സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. ഇടതു വിങ്ങിൽ യുവ താരം ഐമൻ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകുന്ന പ്രകടനം പുറത്തെടുത്തു.ജപ്പാന്റെ ദായ്സുകി സകായ് 33 ആം മിനുട്ടിൽ തൊടുത്ത ഷോട്ട് ബംഗളുരു കീപ്പർ അനായാസം തടഞ്ഞു.
ബംഗളുരുവിന്റെ ഭാഗത്ത് നിന്നും കാര്യമായ മുന്നേറ്റമൊന്നും ആദ്യ പകുതിയിൽ കാണാൻ സാധിച്ചില്ല.ആദ്യ പകുതി ഗോള് രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയുടെ 52 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് നേടി.ലൂണ കൊടുത്ത ക്രോസ്സ് ക്ലിയർ ചെയ്യുന്നതിനിടെ ബംഗളുരു താരം വീൻഡോർപ്പിന്റെ ശരീരത്തിൽ തട്ടി സ്വന്തം വലയിൽ കയറുകയായിരുന്നു.
69 ആം മിനുട്ടിൽ ബംഗളുരു ഗോൾകീപ്പർ സന്ധുവിന്റെ പിഴവിൽ നിന്നും വീണ ഗോളിൽ ബ്ലാസ്റ്റേഴ്സ് ലീഡ് ഇരട്ടിയാക്കി. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത്. ദംജാനോവിച്ച് കൊടുത്ത പന്ത് ഗുപ്രീതിന് നിയന്ത്രണത്തിലാക്കാൻ സാധിച്ചില്ല .അബദ്ധം മുതലാക്കി ആളൊഴിഞ്ഞ ലൂണ ആളൊഴിഞ്ഞ വലയിലേക്ക് ലൂണ പന്ത് അടിച്ചു കയറ്റി.89 ആം മിനുട്ടിൽ ബംഗളുരു ഒരു ഗോൾ മടക്കി.കർട്ടിസ് മെയിൻ ആണ് ബംഗളുരുവിനായി ഗോൾ നേടിയത്.