“ഐഎസ്എല്ലില്‍ ഗോളടിയിൽ പുതിയ റെക്കോർഡുമായി സുനിൽ ഛേത്രി”

ഇന്ത്യൻ ഫുട്ബോൾ എന്നാൽ ലോക ഫുട്ബോളിൽ അറിയപ്പെടുന്നത് സുനിൽ ഛേത്രി എന്നായിരിക്കും. കഴിഞ്ഞ ഒരു ദശകമായി ഛേത്രിയുടെ പേരിൽ തന്നെയാണ് ഇന്ത്യൻ ഫുട്ബോൾ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്നത്. ക്ലബ്ബിനൊപ്പവും ദേശീയ ടീമിനൊപ്പവും നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ ഇന്ത്യൻ നായകൻ ഇന്ത്യൻ സൂപ്പർ ലീഗിലെ ഗോളടിയിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് .ഹൈദരാബാദ് എഫ്‌സിക്കെതിരെ നേടിയ ഗോളോടെ സുനിൽ ഛേത്രി ബാർത്തലോമിയോ ഒഗ്ബെച്ചെയെ മറികടന്ന് ഹീറോ ഐഎസ്‌എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾ സ്‌കോററായി. 

കളിയുടെ 87-ാം മിനിറ്റിൽ ആയിരുന്നു ഛേത്രി ഗോൾ നേടിയത്. തന്റെ ഐ എസ് എല്ലിലെ അമ്പതാം ഗോൾ ആയിരുന്നു ഇത്‌‌. ഐ എസ് എല്ലിൽ ആദ്യമായാണ് ഒരു താരം 50 ഗോളുകൾ നേടുന്നത്.2015-ൽ മുംബൈ സിറ്റി എഫ്‌സിക്ക് വേണ്ടി ഐഎസ്‌എൽ അരങ്ങേറ്റം കുറിച്ച ഛേത്രി ഏഴ് ഗോളുകൾ നേടി ആ സീസണിലെ ഏറ്റവും ഉയർന്ന ഇന്ത്യൻ ഗോൾ സ്‌കോററായിരുന്നു. ഐഎസ്എൽ 2017-18ൽ 14 ഗോളുകൾ നേടുകയും ബെംഗളൂരുവിനെ അവരുടെ കന്നി സീസണിൽ തന്നെ ഫൈനലിലേക്ക് നയിക്കാനും താരത്തിനായിരുന്നു.ഐ എസ് എല്ലിൽ ആകെ 110 മത്സരങ്ങളിൽ നിന്നാണ് ഛേത്രി 50 ഗോളുകളിൽ എത്തിയത്.

ഫോം മങ്ങിക്കളിക്കുന്ന താരത്തിനെ അനേകം കളികളിലാണ് ബംഗലുരു എഫ് സി ബഞ്ചിലിരുത്തിയത്. ലീഗിന്റെ രണ്ടാം പകുതിയില്‍ ഗോവയ്ക്ക് എതിരേയുള്ള ആദ്യ മത്സരത്തില്‍ ഛേത്രിയെ ആദ്യ ഇലവണില്‍ ഉള്‍പ്പെടുത്തിയിരുന്നു. ക്ലബ്ബ് തലത്തില്‍ ബംഗലുരുവും മോഹന്‍ബഗാനും 282 കളികളില്‍ 135 ഗോളുകള്‍ താരം അടിച്ചിട്ടുണ്ട്. ബംഗലുരുവിനായി 191 കളിയില്‍ 90 ഗോളുകള്‍ നേടിയിട്ടുണ്ട്.കഴിഞ്ഞ നൂറ്റാണ്ടിലെ സുവർണ്ണ കാലഘട്ടത്തിന് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ ആയ ഛേത്രി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുകയും ഏറ്റവും കൂടുതൽ ഗോളുകൾ നേടുകയും ചെയ്ത താരം കൂടിയാണ് .

125 അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്ന് 80 സ്‌ട്രൈക്കുകളോടെ, സജീവ കളിക്കാർക്കിടയിൽ ഗോളുകളുടെ എണ്ണത്തിൽ നിലവിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ കൂടെയാണ് ഛേത്രി.പത്മശ്രീ നേടിയ ചുരുക്കം ചില ഇന്ത്യൻ ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് അദ്ദേഹം, കൂടാതെ അർജുന അവാർഡും ലഭിച്ചിട്ടുണ്ട്.നിലവില്‍ കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ ഛേത്രിയ്ക്ക് മുന്നിലുള്ളത് ക്രിസ്ത്യാനോ റൊണാള്‍ഡോ മാത്രമാണ്. പോര്‍ച്ചുഗലിനായി 184 മത്സരത്തില്‍ 115 ഗോളുകള്‍ ക്രിസ്ത്യാനോ നേടിയിട്ടുണ്ട്.

ഇന്ത്യൻ ഫുട്ബോളിന്റെ തലവര തന്നെ മാറ്റിമറിച്ച താരമാണ് ഈ 37 കാരൻ.ഇന്ത്യൻ ഫുട്ബാളിൽ രണ്ടു കാലഘട്ടം ഉണ്ടായിരുന്നു എന്ന് കണക്കാക്കപെടേണ്ടി വരും . സുനിൽ ഛേത്രിക്ക് മുൻപും ഛേത്രി വന്നതിനു ശേഷവും.ഛേത്രി ഇന്ത്യൻ ഫുട്ബോളിന് നൽകിയ ഉണർവും ഊർജ്ജവും പറഞ്ഞറിയിക്കാൻ സാധിക്കാത്തത്. 2000 ത്തിനു ശേഷം സ്റ്റേഡിയത്തിൽ നിന്നും അകന്ന ഇന്ത്യൻ ഫുട്ബോൾ ആരാധകരെ മൈതാനത്തേക്ക് തിരിച്ചു കൊണ്ട് വരുന്നതിൽ ഇന്ത്യൻ ക്യാപ്റ്റൻ വഹിച്ച പങ്ക് വളരെ വലുതാണ്. പലപ്പോഴും ഇന്ത്യയുടെ മത്സരങ്ങൾ നടക്കുമ്പോൾ സ്റ്റേഡിയത്തിൽ പോയിട്ട് ടെലിവിഷന് മുൻപിൽ വരെ ആളുകൾ കാണാൻ ഉണ്ടായിരുന്നിട്ടില്ല. പക്ഷെ ഛേത്രി മുൻകയ്യെടുത്ത് ഇന്ത്യൻ ആരാധകരെ ടെലിവിഷന് മുന്പിലേക്കും സ്റ്റേഡിയത്തിലേക്കും കൊണ്ട് വന്നു. ഇന്ത്യൻ ഫുട്ബോളിൽനി മാറ്റിമറിക്കുന്ന ഒരു വിപ്ലവം തന്നെ ഛേത്രി കൊണ്ട് വന്നു എന്നത് തർക്കമില്ലാത്ത വിഷയമാണ്.

Rate this post
islSunil Chhetri