പിഎസ്‌ജി വിട്ടാൽ മെസി ഏതു ടീമിലേക്ക് ചേക്കേറുമെന്ന കാര്യത്തിൽ തീരുമാനമായി

ഖത്തർ ലോകകപ്പിന് ശേഷം ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കുമെന്ന റിപ്പോർട്ടുകളാണ് ഉണ്ടായിരുന്നതെങ്കിലും ഇതുവരെയും താരം അതിന് തയ്യാറായിട്ടില്ല. ലോകകപ്പ് കഴിഞ്ഞ് ഇത്രയും സമയമായിട്ടും ലയണൽ മെസി കരാർ പുതുക്കാത്തത് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പിഎസ്‌ജി കരാർ പുതുക്കാനുള്ള തീരുമാനത്തിൽ നിന്നും മെസി പിൻവാങ്ങിയെന്നും താരം ക്ലബ് വിടുമെന്നും ഇതിനിടയിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഈ സീസൺ അവസാനിക്കുന്നതോടെ മെസിയുടെ പിഎസ്‌ജി കരാർ അവസാനിക്കും. കരാർ പുതുക്കുന്നില്ലെങ്കിൽ ഫ്രീ ഏജന്റായിട്ടാവും താരം ക്ലബ് വിടുന്നത്. ഫ്രീ ഏജന്റാണെന്നതു കൊണ്ട് തന്നെ മെസിയെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ ഉണ്ടാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ മെസിയെ സ്വന്തമാക്കാൻ ഏതു ക്ലബിനാണ് കൂടുതൽ സാധ്യതയെന്ന കാര്യത്തിൽ ഇപ്പോൾ ചില അഭ്യൂഹങ്ങൾ പുറത്തു വരുന്നുണ്ട്.

ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയാണ് മെസി പിഎസ്‌ജിയുമായി കരാർ പുതുക്കുന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് വ്യക്തമാക്കിയത്. ഫ്രാൻസ് വിടുകയാണെങ്കിൽ ലയണൽ മെസി ചേക്കേറാൻ സാധ്യത അമേരിക്കൻ ലീഗിലേക്കാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. എംഎൽഎസ് ക്ലബായ ഇന്റർ മിയാമിയാണ് താരത്തെ സ്വന്തമാക്കാൻ മുൻപന്തിയിൽ നിൽക്കുന്നതെന്നാണ് അഭ്യൂഹങ്ങൾ വ്യക്തമാക്കുന്നത്.

ലയണൽ മെസി അമേരിക്കൻ ലീഗിലേക്ക് ചേക്കേറിയാൽ അത് അവിടുത്തെ ഫുട്ബോളിന് പ്രശസ്‌തി ലഭിക്കാനും ആരാധകർ കൂടുതൽ ശ്രദ്ധിക്കാനും കാരണമാകുമെന്നതിൽ സംശയമില്ല. നേരത്തെ നിരവധി പ്രധാന താരങ്ങൾ എംഎൽസിലേക്ക് ചേക്കേറിയിട്ടുണ്ടെങ്കിലും ലയണൽ മെസി എത്തിയാൽ ലോകം മുഴുവൻ ശ്രദ്ധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

എന്നാൽ ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമിയിൽ മെസി എത്തിയാൽ യൂറോപ്യൻ ഫുട്ബോളിൽ താരത്തിന്റെ അസാന്നിധ്യം നേരിട്ടും. ഖത്തർ ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ താരത്തിന് ഇനിയും ടോപ് ലെവൽ ഫുട്ബോളിൽ തുടരാൻ കഴിയുമെന്നുറപ്പാണ്. മെസിയും യൂറോപ്പ് വിട്ടാൽ റൊണാൾഡോക്ക് പുറമെ മെസിയുടെ കളിയും യൂറോപ്പിൽ ഇനിയുണ്ടാകില്ല.

4/5 - (14 votes)
Lionel Messi