90 ശതമാനം മെസ്സിയുടെതും 10 ശതമാനം എന്റേതുമായിരുന്നു:ആ ഗോളിനെ കുറിച്ച് ഹൂലിയൻ ആൽവരസ്

ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കരുത്തരായ ബ്രസീലിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ക്രൊയേഷ്യ സെമിഫൈനലിൽ എത്തിയിരുന്നത്.പക്ഷേ അർജന്റീന അവരെ തകർത്തെറിയുകയായിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ആ മത്സരത്തിൽ വിജയിച്ചത്.ഹൂലിയൻ ആൽവരസ് രണ്ട് ഗോളുകൾ നേടിയപ്പോൾ ഒരു ഗോളും ഒരു അസിസ്റ്റുമായി നായകൻ ലയണൽ മെസ്സിയും ആ മത്സരത്തിൽ തിളങ്ങുകയായിരുന്നു.

മത്സരത്തിന്റെ 69ആം മിനിറ്റിലായിരുന്നു അർജന്റീനയുടെ മൂന്നാം ഗോൾ ആൽവരസ് നേടിയത്.എന്നാൽ ലയണൽ മെസ്സിയുടെ വ്യക്തിഗത മികവാണ് ആ ഗോളിന് പിന്നിൽ പ്രവർത്തിച്ചത്.ക്രൊയേഷ്യയുടെ യുവ ഡിഫൻഡർ ആയ ഗ്വാർഡിയോളിനെ വട്ടം കറക്കി കൊണ്ടാണ് മെസ്സി ആ പാസ് ആൽവരസിലേക്ക് എത്തിച്ചത്.ലയണൽ മെസ്സിക്ക് ഗ്വാർഡിയോൾ നിഷ്പ്രയാസം കീഴടങ്ങുകയായിരുന്നു.

പിന്നീട് ഒരു പിഴവും കൂടാതെ ആൽവരസ് അത് ഗോളാക്കി മാറ്റി.അതേക്കുറിച്ച് പുതിയ ഇന്റർവ്യൂവിൽ ആൽവരസ് സംസാരിച്ചിട്ടുണ്ട്.ആ ഗോൾ 90% നേടിയത് ലയണൽ മെസ്സിയാണെന്നും 10% മാത്രമാണ് താൻ നേടിയത് എന്നുമാണ് ഹൂലിയൻ ആൽവരസ് പറഞ്ഞിട്ടുള്ളത്.ആ ഗോളിന്റെ ക്രെഡിറ്റ് മുഴുവനും ലയണൽ മെസ്സിക്ക് ഉള്ളതാണ് എന്നാണ് ഇതിലൂടെ ഈ യുവതാരം വ്യക്തമാക്കിയിട്ടുള്ളത്.

വേൾഡ് കപ്പ് കിരീടനേട്ടത്തെ കുറിച്ചും ഈ അർജന്റീന താരം ചില കാര്യങ്ങൾ പറഞ്ഞു.അതിങ്ങനെയാണ്.’നമ്മിൽ നിന്നും ഒരാൾക്കും എടുക്കാൻ കഴിയാത്ത ഒന്നാണ് വേൾഡ് കപ്പ്.അത് കറകളഞ്ഞ ചരിത്രമാണ്.എല്ലാ കാലവും അത് നിലനിൽക്കും.പക്ഷേ ഞങ്ങൾ അവിടെത്തന്നെ ഇങ്ങനെ നിലകൊള്ളില്ല.മറിച്ച് കൂടുതൽ നേട്ടങ്ങൾക്ക് വേണ്ടി ഞങ്ങൾ പോരാടും ‘ആൽവരസ് പറഞ്ഞു.

കഴിഞ്ഞ വേൾഡ് കപ്പിൽ അസാധാരണമായ പ്രകടനം പുറത്തെടുക്കാൻ ഈ യുവതാരത്തിന് കഴിഞ്ഞിരുന്നു.പ്രതീക്ഷിച്ച രൂപത്തിലുള്ള പ്രകടനം ലൗറ്ററോയിൽ നിന്നും ഉണ്ടാകാതെ പോയപ്പോൾ അദ്ദേഹത്തിന്റെ അഭാവം നികത്തിയത് ജൂലിയൻ ആൽവരസാണ്.അവസരങ്ങൾ ലഭിക്കാത്തതിനാൽ അദ്ദേഹം ലോണിൽ സിറ്റി വിടും എന്ന വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം ഇപ്പോൾ നിരസിക്കപ്പെട്ടിട്ടുണ്ട്.

5/5 - (1 vote)
Lionel Messi