യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലിയും കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും ജൂൺ ഒന്നിന് ലണ്ടനിൽ പരസ്പരം ഏറ്റുമുട്ടുമെന്ന് യുവേഫയും കോൺമെബോളും ബുധനാഴ്ച അറിയിച്ചു.ഏത് സ്റ്റേഡിയത്തിലാണ് മത്സരമെന്നത് പ്രഖ്യാപിച്ചിട്ടില്ല.ലോകമെമ്പാടുമുള്ള കാൽപ്പന്ത് ആരാധകർ ആവേശത്തോടെയാണ് വൻകരയുടെ പോരാട്ടത്തെ കാത്തിരിക്കുന്നത്.
യൂറോപ്പിലെ ഫുട്ബോൾ അധികാരികളായ യുവേഫയും ലാറ്റിനമേരിക്കയിലെ ഫുട്ബോൾ നേതൃത്വമായ കോൺമിനബോളും ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അർജന്റീന-ഇറ്റലി പോരാട്ടത്തിന് ധാരണയായത്. രണ്ട് വർഷം കൂടുമ്പോൾ ലോകകപ്പ് നടത്താനുള്ള ഫിഫയുടെ പദ്ധതികളെ എതിർത്ത് തോൽപ്പിക്കാനുള്ള യുവേഫ-കോൺമിബോൾ കൂട്ടുകെട്ടിന്റെ ഭാഗം കൂടിയാണ് ഈ മത്സരമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഇറ്റലി യൂറോ കിരീടമുയർത്തിയത്. അർജന്റീനയാകട്ടെ ആതിഥേയരായ ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ വീഴ്ത്തിയാണ് ലാറ്റിനമേരിക്കയിലെ രാജാക്കന്മാരായത്. 28 വർഷത്തെ കിരീടവരൾച്ച അവസാനിപ്പിച്ചുകൊണ്ടുള്ള വിജയമായരുന്നു അർജന്റീനയുടേത്.
ലോകമെമ്പാടുമുള്ള ഫുട്ബോളിന്റെ വികസനത്തിനായുള്ള ഐക്യ പ്രതിബദ്ധതയിൽ തങ്ങളുടെ സഖ്യം വിപുലീകരിക്കുകയാണ് ഈ മത്സരം കൊണ്ടുള്ള ലക്ഷ്യമെന്ന് യുവേഫയും കോൺമെബോളും വെളിപ്പെടുത്തിയിരുന്നു.യൂറോ കപ്പും കോപ്പ അമേരിക്കയും അവസാനിച്ച ശേഷം ആരാധകരുടെ ഏറ്റവും വലിയ ആവശ്യമായിരുന്നു രണ്ടു ജേതാക്കളും തമ്മിലുള്ള സൂപ്പർ പോരാട്ടം നടത്തുക എന്നത്.