ടീം വിടുന്നതായി സൂചനകൾ നൽകി ബയേഴ്ണിന്റെ ഇതിഹാസമായ തോമസ് മുള്ളർ. താരത്തിന് അലയൻസ് അരീനയിൽ നിന്നും പോവുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്നും താരം വ്യക്തമാക്കി.
തന്റെ പത്താം വയസ്സ് മുതൽ ബയേഴ്ൺ മ്യൂണിക്കിൽ ചേർന്ന താരം തന്റെ കരിയർ മുഴുവനും ബവേറിയൻ ജേഴ്സി അണിഞ്ഞാണ് കളിച്ചത്. ക്ലബ്ബിനായി 600 മത്സരങ്ങളിൽ കളിച്ച താരം 200 ഗോളുകൾ നേടിയിട്ടുണ്ട്.
മുള്ളർ ടീമുമൊത്ത് 9 ബുന്ദസ്‌ലിഗ കിരീടങ്ങൾ, 6 ഡിഎഫ്ബി പോക്കാൽ കിരീടങ്ങൾ, 2 ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. 2014ൽ ജർമനിക്കായി ലോക കപ്പ് നേടുന്നതിലും മുള്ളറുടെ പ്രകടനം വളരെ നിർണായകമായിരുന്നു.
ദി ടൈംസിനോട് താരം പറഞ്ഞതിങ്ങനെ:
“ഞാൻ ഈ ക്ലബ്ബിൽ ഒട്ടി നിൽക്കുകയല്ല. എനിക്ക് ഈ ക്ലബ്ബുമായും പ്രത്യേക ബന്ധമുണ്ട്. ഞാൻ ഇവിടെ കളിക്കുന്നതിനു മുൻപ് തന്നെ എനിക്ക് ബയേഴ്ണിനെ ഒരുപാടിഷ്ടമാണ്.
“പക്ഷെ ചില സമയങ്ങളിൽ ചിലപ്പോൾ നിങ്ങൾ വേറെ ക്ലബ്ബിൽ കളിക്കുന്നതിനായിട്ടുള്ള തീരുമാനങ്ങൾ എടുക്കേണ്ടി വരും. അതിൽ യാതൊരു കുഴപ്പവുമില്ല. തിയാഗോ ചെയ്തത് പോലെ.”
താരം ടീം വിടുകയാണെങ്കിൽ തന്നെ ബയേഴ്ൺ മ്യൂണിക്കിൽ താരത്തിന്റെ മികവിനൊത്ത ഒട്ടനവധി കളിക്കാർ നിലവിൽ ടീമിലുണ്ട്. ജോഷുവ കിമ്മിച്, ലിയോൺ ഗോരറ്റ്സ്‌ക്കാ, ടോലീസോ എന്നിവരെല്ലാം മുള്ളറേക്കാളും 5 വയസ്സിന് ചെറുപ്പമാണ്. കൂടാതെ കൗമാര താരമായ ജമാൽ മുസിയാല ഈ സീസണിൽ ടീമിനായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
നിലവിൽ ബുന്ദസ്‌ലീഗാ വമ്പന്മാർ ലക്ഷ്യം വെക്കുന്നത് തുടർച്ചയായ പത്താം ലീഗ് കിരീടവും രണ്ടാം ചാമ്പ്യൻസ് ലീഗ് ട്രോഫിയുമാണ്.
ഹാൻസി ഫ്ലിക്കിന്റെ ബയേഴ്ൺ നിലവിൽ ലീഗിൽ 4 പോയിന്റിന്റെ മുന്തൂകവുമായി ഒന്നാം സ്ഥാനത്താണ് നിൽക്കുന്നത്. ഈ വരുന്ന ഏപ്രിലിൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ മത്സരത്തിൽ ബയേർൺ പി.എസ്.ജിയെ നേരിടാനൊരുങ്ങിയിരിക്കുകയാണ്.