ബാഴ്സലോണ ആരാധകരുടെ ഏറെ നാളത്തെ പ്രതിഷേധത്തിന്റെ ഭാഗമായി പ്രസിഡൻറായിരുന്ന ബർട്ടമൂ രാജി വെച്ചിരിക്കുകയാണ്. ക്ലബിൽ വലിയ മാറ്റങ്ങൾ തന്നെ ഇതുകൊണ്ട് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രധാനമായും മെസി തുടരാൻ സാധ്യതയുണ്ടെന്നതാണ് അതിൽ പ്രധാനം. മെസിയെ നിലനിർത്താൻ ക്ലബിന്റെ ഇതിഹാസങ്ങളെ തിരിച്ചെത്തിക്കുമെന്നാണ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന വിക്ടർ ഫോണ്ട് പറയുന്നത്.
“പെപ് ഗാർഡിയോള, കാർലസ് പുയോൾ, സാവി, ഇനിയേസ്റ്റ എന്നിവരൊന്നും ബാഴ്സക്കു വേണ്ടി ഇപ്പോൾ പ്രവർത്തിക്കുന്നില്ല. അതു ശരിയല്ല. അവരെ ക്ലബിലെത്തിച്ച് വേണ്ട ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കേണ്ടതുണ്ട്. ഇവർക്കെല്ലാവർക്കും കളിക്കളത്തിനു പുറത്ത് ഒരുപാടു കാരുങ്ങൾ ചെയ്യാൻ കഴിയും.” സ്കൈ സ്പോർട്സിനോട് ഫോണ്ട് പറഞ്ഞു.
“അതുവഴി വളരെയധികം മത്സരസ്വഭാവമുള്ള ഒരു പ്രൊജക്ട് ഉണ്ടാക്കാം. മെസിക്കു വേണ്ടതും അതു തന്നെയാണ്. ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ കഴിയുന്ന ഒരു പ്രൊജക്ട് മെസി ആവശ്യപ്പെടുമ്പോൾ അതു നൽകുകയെന്നതാണ് ബോർഡിന്റെ ഉത്തരവാദിത്വം.” ഫോണ്ട് വ്യക്തമാക്കി.
ബാഴ്സലോണ പ്രസിഡൻറാകാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്ന സ്ഥാനാർത്ഥിയായ വിക്ടർ ഫോണ്ട് ഗാർഡിയോളയെ പരിശീലകനും പുയോളിനെ സ്പോർട്ടിങ്ങ് ഡയറക്ടറുമായി എത്തിക്കുമെന്നാണ് പറയുന്നത്. എന്നാൽ പെപിന്റെ കീഴിൽ ബാഴ്സയുടെ സുവർണ കാലഘട്ടത്തിലെ പ്രസിഡന്റായിരുന്ന ലപോർട്ടെ അദ്ദേഹത്തിനു വെല്ലുവിളി ഉയർത്തുന്നുണ്ട്.