ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് നടത്തുന്ന കുതിപ്പിനെ അവിശ്വസനീയം എന്ന് മാത്രമേ വിശേഷിപ്പിക്കാൻ സാധിക്കു. ഈ സീസണിൽ ഇങ്ങനെയൊരു പ്രകടനം ബ്ലാസ്റ്റേഴ്സിന്റെ കടുത്ത ആരാധകർ പോലും സ്വപ്നം കണ്ടിട്ടുണ്ടാവില്ല. ആദ്യ മത്സരത്തിലെ കനത്ത തോൽവിയും പിനീടുള്ള സമനിലയുമെല്ലാം കണ്ടപ്പോൾ ” പണ്ടത്തെ ചങ്കരൻ തെങ്ങിൽ തന്നെ ” എന്ന പഴമൊഴിയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് മനസ്സിൽ വന്നത്. എന്നാൽ പിന്നീടങ്ങോട്ട് പുതിയൊരു ബ്ലാസ്റ്റേഴ്സിനെയാണ് കാണാൻ സാധിച്ചത്. ഇത്രയധികം ശക്തമായ ടീമുകളോടെ മത്സരിച്ച ലീഗിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു. കഴിഞ്ഞ 10 മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ബ്ലാസ്റ്റേഴ്സ് മുന്നേറിയത്. ഈ നേട്ടത്തെ എത്ര പുകഴ്ത്തിയാലും മതിയാവില്ല.
എനിക്ക് വാക്കുകൾ കിട്ടാത്ത അവസ്ഥയിലാണ്! ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ നിരാശനായ ഞാൻ ഈ വാചകം മുമ്പ് പലതവണ ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ, ബ്ലാസ്റ്റേഴ്സ് അവരുടെ മിന്നുന്ന പ്രകടനത്തിലൂടെ എന്നെ വാക്കുകൾക്കതീതമായി ആഹ്ലാദിപ്പിച്ചതിനാൽ ഞാൻ ആകെ തളർന്നിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ ഇന്നലത്തെ പ്രകടത്തിനു ശേഷം ഇന്ത്യൻ ഇതിഹാസം ഐഎം വിജയൻ പറഞ്ഞ വാക്കുകളാണിത്. ഒരു ബ്ലാസ്റ്റേഴ്സ് ആരാധകനും പറയാൻ ആഗ്രഹിച്ച വാക്കുകളാവും ഇത്.
ഒഡീഷ എഫ്സിക്കെതിരെ 2-0ന് ജയിച്ച മഞ്ഞപ്പടയുടെ അപരാജിത കുതിപ്പ് 10 മത്സരങ്ങളാക്കി ഉയർത്തി. നിലക്കാത്ത കൈയടിയിൽ കുറഞ്ഞതൊന്നും അർഹിക്കാത്ത അവിശ്വസനീയമായ നേട്ടം. ബ്ലാസ്റ്റേഴ്സ് ശരിയായ സമയത്ത് ഉയർന്നു, നിലവിലെ ഫോമിൽ അവർക്ക് ലീഗിൽ ഏത് ടീമിനെയും തകർക്കാൻ കഴിയും. ഓരോ മത്സരത്തിനു ശേഷവും ടീമിന്റെ ആത്മവിശ്വാസം ആകാശത്തിനപ്പുറം ഉയർന്നിരിക്കുകയാണ്.
മത്സരങ്ങൾക്ക് മുന്നോടിയായി ദേശീയഗാനത്തിനായി കളിക്കാർ വ്യക്തമായ ആത്മവിശ്വാസത്തോടെയാണ് അണിനിരക്കുന്നത്. അവരുടെ ശരീരഭാഷയിൽ നിന്നും ആത്മവിശ്വാസം കാണാൻ സാധിക്കുന്നുണ്ട്.കോച്ചിനും താരങ്ങൾക്കും പുറമെ ടീമിനൊപ്പം നിന്ന ആരാധകർക്കും ഈ ഗംഭീര പ്രകടനത്തിൽ അഭിമാനിക്കാം. കളിയാക്കലുകളുടെയും നിരാശയുടെയും കുറെ സീസണുകളാണ് ബ്ലാസ്റ്റേഴ്സ് കടന്നു പോയത് പക്ഷേ ഒടുവിൽ അവർ തിരിച്ചു വന്നിരിക്കുകയാണ്.ബ്ലാസ്റ്റേഴ്സിന്റെ സ്വതന്ത്രമായ ആക്രമണ ഗെയിം കാണുന്നത് തികച്ചും സന്തോഷകരമാണ്. വിശ്വസ്തനായ ഒരു ആരാധകൻ ഇതിൽ കൂടുതൽ ഒന്നും ആഗ്രഹിക്കുന്നില്ല.