ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ്സിയെ നേരിടും. മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് അറ്റാക്കർ ബ്രൈസ് മിറാൻഡയും വുകൊമാനോവിച്ചിനൊപ്പം ചേർന്നു.ഒമ്പതാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായ താരമാണ് ബ്രൈസ് മിറാൻഡ.
ഗോവയിൽ നിന്നുള്ള വിങ്ങറായ മിറാൻഡ, ഐ-ലീഗ് ക്ലബ് ചർച്ചിൽ ബ്രദേഴ്സിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്.സീസണിലെ ആദ്യ മത്സരങ്ങളിലൊന്നും കാര്യമായ അവസരം ലഭിക്കാതിരുന്ന മിറാൻഡ കഴിഞ്ഞ രണ്ട് മത്സരങ്ങളായി ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിലെ സാന്നിധ്യമാണ്.ടീമിന്റെ അവസാന രണ്ട് മത്സരങ്ങളിൽ സഹൽ അബ്ദുൾ സമദിനെ മറികടന്ന് ടീമിൽ 23 കാരൻ ഇടം പിടിക്കുകയും ചെയ്തു.
“ഐഎസ്‌എല്ലിലും കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പവും ഇത് എന്റെ ആദ്യ സീസണാണ്. ഞാൻ ക്ലബ്ബിൽ ചേരുമ്പോൾ, തുടക്കത്തിൽ, ഒന്നര മാസത്തോളം, ഞാൻ സമ്മർദ്ദത്തിലായിരുന്നു, പക്ഷേ സമയം കടന്നുപോകുന്തോറും ഓരോ പരിശീലന സെഷനിലും, ഞാൻ ദിവസം തോറും മെച്ചപ്പെട്ടു” മിറാൻഡ പറഞ്ഞു.എനിക്ക് സഹലിനോട് തികഞ്ഞ ബഹുമാനമുണ്ട്, ആദ്യ ഇലവനിൽ സഹലാണോ ഞാനാണോ കളിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് ഞാനല്ല, പക്ഷെ ടീമിലെ സ്ഥാനത്തിനായി ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ സഹലിനോട് മത്സരിക്കണമെന്ന് എനിക്കറിയാം, സഹലുമായി ഇക്കാര്യത്തിൽ മത്സരിക്കുന്നത് തന്നെ ഒരു വലിയ അംഗീകാരമായി കരുതുന്നു, മിറാൻഡ പറഞ്ഞു.
” കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത് ഞാൻ കണ്ടു, അവർക്ക് എന്നോട് താൽപ്പര്യമുണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ അവരെ പിന്തുടരുകയായിരുന്നു. അതനുസരിച്ച് കോച്ചിന്റെ പ്ലാൻ ഞാൻ നിരീക്ഷിക്കാറുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ ഇവിടെ വന്നപ്പോൾ അദ്ദേഹം എനിക്ക് നല്ല പിന്തുണ നൽകി” മിറാൻഡ പറഞ്ഞു.