എഫ്സി ബാഴ്സലോണയുടെ ക്രോയേഷ്യൻ മധ്യനിര താരം ഇവാൻ റാക്കിറ്റിച് ബാഴ്സ വിട്ടു. പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനൊയാണ് ഇക്കാര്യം പുറത്തു വിട്ടത്. തന്റെ മുൻ ക്ലബായ സെവിയ്യയിലേക്ക് തന്നെയാണ് താരം മടങ്ങുന്നത്. ഔദ്യോഗികമായ സ്ഥിരീകരണം ഉടൻ ഉണ്ടാവും. താരം മെഡിക്കലിനായി സേവിയ്യയിൽ എത്തിച്ചേർന്നതായാണ് വിവരം. താരവും ക്ലബും തമ്മിൽ കരാറിൽ ഏർപ്പെട്ടതായും മാർക്ക റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മൂന്ന് വർഷത്തെ കരാറിലാണ് താരം സെവിയ്യയിലേക്ക് തന്നെ തിരികെ എത്തുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. മുപ്പത്തിരണ്ടുകാരനായ താരം 2014-ൽ സെവിയ്യയിൽ നിന്നായിരുന്നു ബാഴ്സയിലേക്ക് എത്തിയത്. തുടർന്ന് ആറു വർഷം ക്യാമ്പ് നൗവിൽ ചിലവഴിച്ചതിന് ശേഷമാണ് താരം തിരികെ സെവിയ്യയിലേക്ക് മടങ്ങുന്നത്. 2011-ൽ ഷാൽക്കെയിൽ നിന്നായിരുന്നു റാക്കിറ്റിച്ച് സെവിയ്യയിൽ എത്തിയത്.
കഴിഞ്ഞ സമ്മറിൽ തന്നെ താരവും ക്ലബും തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. അന്ന് താരം ക്ലബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അത് നടന്നിരുന്നില്ല. എന്നാൽ പുതിയ പരിശീലകനായി ചുമതലയേറ്റ റൊണാൾഡ് കൂമാൻ താരത്തിനെ ആവിശ്യമില്ല എന്നറിയിച്ചതോടെ പുറത്തേക്കുള്ള വഴി തുറക്കുകയായിരുന്നു. ബാഴ്സക്ക് വേണ്ടി 310 മത്സരങ്ങൾ കളിച്ച താരമാണ് റാക്കിറ്റിച്. ബാഴ്സക്കൊപ്പം നിരവധി കിരീടങ്ങൾ നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. നാലു ലാലിഗ, നാലു കോപ്പ ഡെൽ റേ, ഒരു ചാമ്പ്യൻസ് ലീഗ് എന്നിവ ബാഴ്സയോടൊപ്പം നേടാൻ റാകിറ്റിച്ചിന് സാധിച്ചിട്ടുണ്ട്. 2015 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗോൾ നേടിയ താരമാണ് റാക്കിറ്റിച്.
35 ഗോളുകളും 42 അസിസ്റ്റുകളും ഈ കാലയളവിൽ താരം നേടിയിട്ടുണ്ട്. ബാഴ്സക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു കൊണ്ട് തന്നെയാണ് താരം മടങ്ങുന്നത്. 2018-ൽ ക്രോയേഷ്യയെ ലോകകപ്പ് ഫൈനലിൽ എത്തിക്കുന്നതിൽ നിർണായകപങ്ക് വഹിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.