‘എനിക്ക് മടുത്തു,അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല’ : ഇവാന്‍ വുകോമാനോവിച്ച് |Kerala Blasters | Ivan Vukomanovic

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന് വീണ്ടും വിലക്ക് ഭിച്ചിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ നിരാശയുണ്ടാക്കുന്ന വാർത്തയാണിത്.റഫറിമാര്‍ക്കെതിരായ വിമര്‍ശനത്തിനാണ് അച്ചടക്കസമിതി ശിക്ഷ വിധിച്ചത്, ഒരു മത്സരത്തില്‍ നിന്നും വിലക്കും 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിന് ശേഷം റഫറിമാര്‍ക്കെതിരെ നടത്തിയ വിമര്ശനത്തിനാണ് ഇവാനെതിരെ അച്ചടക്ക സമിതി നടപടി എടുത്തത്. ചെന്നൈക്കെതിരെയുള്ള മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പ്രതികൂലമായ ഫലത്തിന് കാരണമായ പ്രത്യേക സന്ദർഭങ്ങൾ ചൂണ്ടിക്കാണിച്ച് വുകോമാനോവിച്ച് തന്റെ നിരാശ പ്രകടിപ്പിച്ചു. ഒരു ഓഫ്‌സൈഡ് സാഹചര്യവും സംശയാസ്പദമായ രണ്ടാമത്തെ ഗോളും അദ്ദേഹം എടുത്തുകാണിച്ചു, റഫറിമാരെ വിമർശിച്ചു.

“ഈ റഫറിമാർക്ക് ഗെയിം നിയന്ത്രിക്കാൻ കഴിയില്ല, അന്തിമമായി നോക്കുമ്പോൾ ഇത് അവരുടെ തെറ്റല്ല. ഇത് അവരെ പഠിപ്പിക്കുകയും അവർക്ക് കളിക്കളത്തിലിറങ്ങാൻ അവസരം നൽകുകയും ചെയ്യുന്നവരുടെ തെറ്റാണ്. ക്ഷമിക്കണം, ഈ വർഷം, പ്ലേഓഫുകൾ, ട്രോഫികൾ, അത് എന്തായാലും ടീമുകൾ തീരുമാനിക്കില്ല. അത് റഫറിമാർ തീരുമാനിക്കും. ഇതിനെക്കുറിച്ച് സംസാരിച്ചു ഞങ്ങൾ മടുത്തു. അവർ മെച്ചപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇത് കളിയുടെ ആത്മാവിനെ നശിപ്പിക്കുകയാണ്” ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

“ആദ്യത്തെ ഗോൾ നേടുമ്പോൾ കളിക്കാരൻ ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു, ഗോൾകീപ്പറെ സ്വാധീനിക്കുന്ന മറ്റൊരു കളിക്കാരനുണ്ടായിരുന്നു. ആ സമയത്ത് റഫറിമാർ പ്രതികരിച്ചിട്ടില്ല.എനിക്ക് മടുത്തു,അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.രണ്ടാമത്തെ ഗോൾ വ്യക്തമായ ഒരു ഫൗളാണ്. ലൈൻസ്മാൻ എങ്ങനെ അത് കാണാതിരിക്കും, പോസിറ്റീവായി തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെങ്കിലും ഞങ്ങൾ നിരാശരാണ്, ”വുകോമാനോവിച്ച് പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഓരോ ഗെയിമിലും റഫറിമാരുടെ നിരവധി മോശം തീരുമാനങ്ങൾ കാണാൻ സാധിക്കും. കളിയുടെ ഫലത്തെ തന്നെ ഇത് ബാധിക്കാറുണ്ട്. മറ്റുള്ള പരിശീലകരുടെയും ടീമുകളുടെയും ഭാഗത്ത് നിന്നും നിരന്തരം വിമര്ശനം ഉയർന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും അത് പരിഹരിക്കാൻ ഒരു നീക്കവും ഉണ്ടായിട്ടില്ല എന്നത് ഖേദകരമാണ്. വിമര്ശനം ഉന്നയിക്കുന്നവരെ വിലക്കിലൂടെയും പിഴയിലൂടെയും നേരിടുകയാണ് എഐഎഫ്എഫ്.

Rate this post
Kerala Blasters