‘മികച്ച ഫോമിലുള്ള ഒഡിഷക്കെതിരെ കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്’ : കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച് | Kerala Blasters

ഐ എസ്എൽ-10 ആം സീസണിലെ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഒഡിഷ എഫ്സിയെ നേരിടും.നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. കളിച്ച 12 കളികളിൽ 8 ജയവും 2 സമനിലയും 2 തോൽവിയുമായി 26 പോയിൻ്റുമായി അവർ പട്ടികയിൽ മുന്നിലാണ്.

ഐഎസ്എൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായിട്ടും കലിംഗ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് ഗ്രൂപ്പ് ഘട്ടം കടക്കാൻ സാധിച്ചിരുന്നില്ല.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മുഖ്യ പരിശീലകൻ ഇവാൻ വുകൊമാനോവിച്ചും താരം ഡാനിഷ് ഫാറൂഖും മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.ഒഡീഷ എഫ്‌സിയാണ് ലീഗിലെ ഏറ്റവും മികച്ച ടീമെന്ന് ഇവാൻ വുകോമാനോവിക് അഭിപ്രായപ്പെട്ടു.

“നിലവിൽ മികച്ച ഫോമിലും സമതുലിതാവസ്ഥയിലും ഉള്ള ലീഗിലെ മുൻനിര ടീമുകളിലൊന്നിനെ നേരിടുന്നത് ഒരു പ്രധാന വെല്ലുവിളിയാണ്.പരിക്കുകളും ദേശീയ ടീമിൻ്റെ പ്രതിബദ്ധതകളും ഞങ്ങളുടെ ലൈനപ്പിനെ ബാധിച്ചപ്പോൾ സൂപ്പർ കപ്പിൽ ഞങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒഡിഷ സ്ഥിരത നിലനിർത്തിയിട്ടുണ്ട്. പരമ്പരാഗതമായി ഏറ്റവും മികച്ച ടീമുകളിലൊന്നായ ഒഡിഷക്ക് നല്ല സന്തുലിത സ്ക്വാഡും ശക്തമായ കോച്ചിംഗ് സ്റ്റാഫും ഉണ്ട്,അത് അവരെ അതിശക്തമായ എതിരാളിയാക്കി. കടുത്ത പോരാട്ടമാണ് മുന്നിൽ പ്രതീക്ഷിക്കുന്നത്” ഇവാൻ പറഞ്ഞു.

അഡ്രിയാൻ ലൂണയ്ക്ക് പകരക്കാരനായി എത്തിയ ഫെഡോർ സെർണിച്ചിനെ ഉൾപ്പെടുത്തിയതൊഴിച്ചാൽ ശീതകാല ട്രാൻസ്ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് സൈനിങ്‌ ഒന്നും നടത്തിയില്ല.”ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കാര്യങ്ങൾ പ്ലാൻ ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്തെന്നാൽ അവസാനം നിമിഷങ്ങളിൽ ഒരുപാട് പരിക്കിന്റെ പ്രശ്നങ്ങൾ ഞങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. നമ്മുടെ ടീമിലെ അഭാവത്തിന് അനുസരിച്ച് മികച്ച താരങ്ങളെയാണ് നമ്മൾ ലക്ഷ്യം വെക്കുക.പക്ഷേ കേവലം 10 മത്സരങ്ങൾക്ക് വേണ്ടി, കേവലം രണ്ടര മാസത്തേക്ക് വേണ്ടി താരങ്ങളെ കൊണ്ടുവരുന്നത് ബുദ്ധിയല്ല. കാരണം ടീമുമായി പൊരുത്തപ്പെടാനും യഥാർത്ഥ രൂപത്തിൽ എത്താനും അവർക്ക് വളരെയധികം സമയം ആവശ്യമായി വരും,അത് ബുദ്ധിമുട്ടുള്ള കാര്യമാണ്” ഇവാൻ കൂട്ടിച്ചേർത്തു.

Rate this post
Kerala Blasters