ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബെംഗളുരുവിനോട് ഒരു ഗോളിന്റെ തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്. മത്സരത്തിന്റെ 89 ആം മിനുറ്റിൽ ജാവി ഹെർണാണ്ടസ് നേടിയ ഗോളിലായിരുന്നു ബെംഗളുരുവിന്റെ ജയം.ഇത് സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആറാം തോൽവിയും 2024 ലെ നാലാം തോൽവി കൂടിയാണിത്. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് ഫലത്തിൽ നിരാശനാണ്.
“ഇത്തരത്തിൽ തോൽവി വഴങ്ങുന്നത് തീർച്ചയായും നിരാശാജനകമാണ്. പ്രത്യേകിച്ചും അവസാന നിമിഷങ്ങളിൽ. കളിക്കാർ അവരുടെ പരമാവധി പരിശ്രമിച്ചു, അവരാൽ സാധിക്കുന്നതെല്ലാം നൽകി. ഒരു പരിശീലകനെന്ന നിലയിൽ അക്കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്. മറുവശത്ത്, ഇത്തരം കളികൾ കൂടുതൽ അവസരങ്ങൾ ലഭിക്കാത്ത വിധത്തിൽ കടുപ്പമുള്ളതായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു” അദ്ദേഹം മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.“ആദ്യ പകുതിയുടെ ആദ്യ ഭാഗത്തിൽ പോലും ഞങ്ങൾ കുറച്ച് കഷ്ടപ്പെട്ടു.പിച്ചിൽ ഞങ്ങളുടെ ഗ്രിപ്പ് കണ്ടെത്താൻ ശ്രമിച്ചു. പിന്നീട്, ആദ്യത്തെ വാട്ടർ ബ്രേക്കിന് ശേഷം, അല്ലെങ്കിൽ അതിനുമുമ്പുതന്നെ, ആഗ്രഹിച്ച ചില ചലനങ്ങളും മറ്റുചില കാര്യങ്ങൾ ആഗ്രഹിച്ച തരത്തിൽ അവസാനിപ്പിക്കാനും ഞങ്ങൾക്കായി” അദ്ദേഹം കൂട്ടിച്ചേർത്തു.
“രണ്ടാം പകുതിയിൽ, തുടക്കത്തിൽ, ഞങ്ങൾ കുറച്ചുകൂടി മികച്ചവരായിരുന്നു, ഞങ്ങളുടെ എതിരാളിയേക്കാൾ മികച്ച കാര്യങ്ങൾ വീണ്ടും സൃഷ്ടിച്ചു.എന്നാൽ ഇത്തരം ടീമുകൾക്കെതിരെ ഇത്തരം മത്സരങ്ങൾ കളിക്കുമ്പോൾ… അത് കടുപ്പമായിരിക്കും. ഇത്തരത്തിലുള്ള ഗെയിമുകളിൽ നിങ്ങൾക്ക് ഇരുപത് അവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന് പ്രതീക്ഷിക്കാനാകില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരത്തിൽ ഇരു ടീമുകൾക്കും വളരെ കുറച്ച് അവസരങ്ങൾ മാത്രമേ സൃഷ്ടിക്കാൻ സാധിച്ചുള്ളൂ. കളിയിലുടനീളം രണ്ട് ടീമുകളും മൂന്ന് ഷോട്ടുകൾ മാത്രമാണ് ലക്ഷ്യത്തിലെത്തിച്ചത്, കേരള ബ്ലാസ്റ്റേഴ്സ് ഒന്ന് മാത്രമാണ് രജിസ്റ്റർ ചെയ്തത്.
#BFCKBFC turned out to be tight affair where @bengalurufc came out on 🔝 with a 1-0 win! 👊
— Indian Super League (@IndSuperLeague) March 2, 2024
Watch the full highlights here: https://t.co/tBVpQIIAhb#ISL #ISL10 #LetsFootball #BengaluruFC #KeralaBlasters #ISLRecap | @JioCinema @Sports18 @KeralaBlasters pic.twitter.com/wdZEtShIOJ
“എല്ലാത്തിനുമൊടുവിൽ, കളി തോറ്റത് നിരാശാജനകമാണ്. നമുക്ക് കൂടുതൽ എന്തെങ്കിലും ലഭിക്കുമായിരുന്നുവെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ഇന്നുറങ്ങുകയും വീണ്ടും പരിശ്രമം തുടരുകയും ചെയ്യും. മുൻനിര ടീമുകൾക്കൊപ്പം തുടരാനും പ്ലേഓഫിൽ കടക്കാനും ഞങ്ങൾക്ക് അഞ്ച് മത്സരങ്ങൾ കൂടി ശേഷിക്കുന്നു.” അദ്ദേഹം പറഞ്ഞു.മാർച്ച് പതിമൂന്നിന് കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സിനെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.