കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവിയുടെ കാരണം തുറന്നു പറഞ്ഞ് ഇവാൻ വുകോമനോവിച്ച്

ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസണിലെ പത്തൊൻപതാം മത്സരത്തിൽ എടികെ മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിനു തോൽവി നേരിട്ടിരുന്നു.മത്സരത്തിൽ ഒന്നനെതിരെ രണ്ടു ഗോളുകൾക്ക് എടികെ വിജയം സ്വന്തമാക്കി. ഇത് എടികെ മോഹൻ ബഗാന്റെ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെയുള്ള അഞ്ചാം ജയമാണ്. ലീഗിലെ ആദ്യഘട്ട മത്സരത്തിലും എടികെ വിജയിച്ചിരുന്നു.

മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ഡയമെന്റകോസും എടികെ മോഹൻ ബഗാനായി കാൾ മഗ്ഹ്യൂവും ഗോളുകൾ നേടി. തോൽവിക്ക് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്.രാഹുലിന് ലഭിച്ച രണ്ടാം മഞ്ഞ കാർഡാണ് കളിയുടെ ഗതിമാറ്റിയതെന്ന് വുകോമനോവിച്ച് പറഞ്ഞു. ഞങ്ങൾ നല്ല കളിയായിരുന്നു കളിച്ചത്. കൃത്യമായി തന്ത്രങ്ങൾ ഗ്രൗണ്ടിൽ നടപ്പാക്കാനായി. കളിയുടെ നിയന്ത്രണവും ഞങ്ങൾക്കായിരുന്നു. എന്നാൽ, രാഹുലിന് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചതോടെ ടീമിന്റെ താളംതെറ്റിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എങ്ങനെ​യാണോ ഇന്നത്തെ മത്സരം കൈകാര്യം ചെയ്യാൻ ആഗ്രഹിച്ചത് അതേ പോലെ കളിക്കാനായി. തോൽവിയിൽ തീർച്ചയായും ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഇത്തരം കളികൾ കളിക്കുമ്പോൾ അത് ചെറിയ വിശദാംശങ്ങളെ ആശ്രയിച്ചിരിക്കുന്നു. രണ്ടു മികച്ച ടീമുകൾ എറ്റു മുട്ടുമ്പോൾ എല്ലാം പ്രവചനാധീതമാണ്. രണ്ടു മികച്ച ടീമുകൾ, ഓർഗനൈസ്ഡ് ആയ, ഡിസിപ്ലിൻഡ് ആയ, കൃത്യമായി തയ്യാറെടുത്ത രണ്ടു ടീമുകൾ ഏറ്റുമുട്ടുമ്പോൾ, വ്യക്തിഗത പിഴവുകൾ പോലും വിധി നിർണയിക്കും. രണ്ടു മികച്ച ഒരേ നിലവാരത്തിലുള്ള ടീമുകൾ ബോളിനായി ഓരോ നിമിഷവും ഏറ്റുമുട്ടുമ്പോൾ എളുപ്പത്തിൽ ഗോൾ നേടാനാകില്ല. ചെറിയ കാര്യങ്ങൾ പോലും കളിയിൽ വിത്യാസം കൊണ്ടുവരും. ഇന്നും അതാണ് സംഭവിച്ചത്” ഇവാൻ പറഞ്ഞു.


മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും അത് വല്ലാതെ ആശങ്കപ്പെടുത്തുന്നില്ലെന്ന് വുകോമനോവിച്ച് പറഞ്ഞു. ഹോം ഗ്രൗണ്ടിൽ ഒരു മത്സരം കൂടി ബാക്കിയിട്ടുണ്ട്. റഗുലർ സീസൺ മികച്ച രീതിയിൽ പൂർത്തിയാക്കി പ്ലേ ഓഫിലേക്ക് മുന്നേറുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.എടികെക്കും ബെംഗളുരുവിനുമൊപ്പം പോയിന്റ് നില തുല്യമെങ്കിലും റാങ്കിങ്ങിലെ മറ്റ് ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് താഴ്ത്തപ്പെട്ടു. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സിയെ നേരിടും. ഫെബ്രുവരി ഇരുപത്തിയാറിന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.

Rate this post
Kerala Blasters