ഈ നിമിഷത്തിനു വേണ്ടിയാണ് ഞാൻ കാത്തിരുന്നത്, അർജന്റീനിയൻ ജനതയോട് മെസി പറയുന്നു |Lionel Messi

ലോകകപ്പിന് ശേഷമുള്ള ആദ്യത്തെ മത്സരത്തിൽ പനാമയോട് വിജയം നേടിയതിനു ശേഷം ആരാധകരെ അഭിവാദ്യം ചെയ്‌ത്‌ ലയണൽ മെസി. ലോകകപ്പ് നേടിയത് സ്വന്തം രാജ്യത്ത് ആഘോഷിക്കുക എന്ന ഉദ്ദേശത്തിൽകൂടി നടന്ന മത്സരത്തിന് ശേഷം അർജന്റീന താരങ്ങൾ കിരീടം ആരാധാകർക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ലയണൽ മെസി ആരാധകരോട് സംസാരിക്കുകയും ചെയ്‌തിരുന്നു.

“ഞങ്ങൾക്കു ലഭിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹത്തിന് എല്ലാവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ലോക ചാമ്പ്യൻമാരായതിന് മാത്രമല്ല, കോപ്പ അമേരിക്ക, ഫൈനലൈസിമ നേട്ടങ്ങൾക്കും. ഇതിനായി ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പറഞ്ഞിരുന്നു. വ്യക്തിപരമായി, ഞാൻ എപ്പോഴും ഈ നിമിഷം സ്വപ്‌നം കണ്ടിരുന്നു. അർജന്റീനയിലേക്ക് വന്ന്, എന്റെ രാജ്യത്ത് ഈ മൂന്നു കിരീടനേട്ടങ്ങളും ആസ്വദിക്കാൻ.”

“ഇന്ന് ഞങ്ങളുടെ ദിവസമാണ്, ഞങ്ങൾ ആഘോഷിക്കുന്നു, പക്ഷേ മുമ്പ് ഒപ്പമുണ്ടായിരുന്ന, കപ്പ് നേടാൻ പരമാവധി ശ്രമിച്ച സഹതാരങ്ങളെ ഞാൻ മറക്കാൻ ആഗ്രഹിക്കുന്നില്ല. അവരും ഈ നേട്ടം കൈവരിക്കാൻ പരമാവധി ശ്രമിച്ചതാണ്, ഞങ്ങൾ കോപ്പ അമേരിക്കയ്ക്കും ലോകകപ്പിനും വളരെ അടുത്തെത്തുകയും ചെയ്‌തിരുന്നു. അർജന്റീനിയൻ ജനതയുടെ എല്ലാ അംഗീകാരവും അവർ അർഹിക്കുന്നു, കാരണം അവരും ഈ കുപ്പായത്തിനായി എല്ലാം നൽകിയവരാണ്.”

“ഇതിനായി സാധ്യമായതെല്ലാം പരീക്ഷിച്ച എന്റെ മുൻ പരിശീലകരോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിർഭാഗ്യവശാൽ, അവർക്കത് സ്വന്തമാക്കാൻ കഴിഞ്ഞില്ല. ലോകകപ്പ് നേടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ഒരു മികച്ച ഗ്രൂപ്പിലും മികച്ച ടീമിലും മാത്രമല്ല, പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു”- ലയണൽ മെസി പറഞ്ഞു.

പനാമക്കെതിരെ നടന്ന മത്സരത്തിൽ ലയണൽ മെസി ഫ്രീ കിക്കിലൂടെ ഒരു ഗോൾ നേടിയിരുന്നു. ഇതോടെ കരിയറിൽ എണ്ണൂറു ഗോളുകൾ എന്ന നേട്ടം ലയണൽ മെസി സ്വന്തമാക്കി. മത്സരത്തിൽ നിരവധി ഗോളുകൾ നേടാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും അതൊന്നും മുതലാക്കാൻ കഴിയാതിരുന്നതാണ് വിജയം ഇത്ര ഗോളിൽ ഒതുങ്ങാൻ കാരണം.

5/5 - (1 vote)
Lionel Messi