ബൊറുസിയ ഡോർട്മുണ്ടിന്റെ യുവസ്ട്രൈക്കെർ ജേഡൻ സാഞ്ചോയെ ഈ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബിലെത്തിക്കാൻ ഏറ്റവും കൂടുതൽ ശ്രമിച്ചവരാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒരുപാട് തവണ വിലപേശലുകളും ബിഡുകളും സമർപ്പിച്ചെങ്കിലും ബൊറൂസിയ വഴങ്ങിയിരുന്നില്ല. തുടർന്ന് അടുത്ത സീസണിലും സാഞ്ചോ ക്ലബിൽ തന്നെ തുടരുമെന്ന് ബൊറൂസിയ ഉറപ്പ് നൽകിയിരുന്നു. ക്ലബിന്റെ ഡയറക്ടറാണ് താരത്തിന്റെ കരാർ പുതുക്കിയതായി ഫുട്ബോൾ ലോകത്തെ അറിയിച്ചത്.
എന്നിരുന്നാലും യുണൈറ്റഡ് ശ്രമങ്ങൾ അവസാനിപ്പിച്ചിരുന്നില്ല. മുൻപ് ഡെംബലെയുടെ കാര്യത്തിലും ഡയറക്ടർ സമാനപ്രസ്താവന നടത്തിയിരുന്നു. എന്നാൽ ഡെംബലെയെ റാഞ്ചാൻ ബാഴ്സക്ക് സാധിച്ചിരുന്നു. എന്നാലിപ്പോൾ യുണൈറ്റഡിന് മറ്റൊരു തരത്തിലാണ് തിരിച്ചടി പറ്റിയിരിക്കുന്നത്. അടുത്ത വർഷത്തെ ട്രാൻസ്ഫർ വിൻഡോയിൽ താരത്തിന് വേണ്ടി സ്പാനിഷ് വമ്പൻമാരായ ബാഴ്സയും റയലും രംഗപ്രവേശനം ചെയ്തേക്കും എന്നാണ് വാർത്തകൾ.
ഇംഗ്ലീഷ് മാധ്യമമായ മിററാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.സ്കൈ സ്പോർട്സും ഈ വാർത്ത പുറത്ത് വിട്ടിട്ടുണ്ട്. ഈ ട്രാൻസ്ഫറിൽ പ്രധാനപ്പെട്ട സൈനിംഗുകൾ ഒന്നും തന്നെ ഇല്ല എന്ന് റയൽ മാഡ്രിഡ് അറിയിച്ചിരുന്നു. ബാഴ്സയാവട്ടെ സാമ്പത്തികപ്രതിസന്ധി മൂലം ലൗറ്ററോയെ പോലും ടീമിൽ എത്തിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. പക്ഷെ ഇരുക്ലബുകൾക്കും നല്ലൊരു മുന്നേറ്റനിര താരത്തെ വേണമെന്നത് പരസ്യമാണ്. ഇരുപതുകാരനായ താരം മികച്ച പ്രകടനമാണ് ഈ സീസണിൽ നടത്തിയത്. ടീമിനെ ശക്തിപ്പെടുത്താൻ താരത്തിന് സാധിക്കും എന്നാണ് ഇരുസ്പാനിഷ് ക്ലബുകളും വിശ്വസിക്കുന്നത്.
അതേസമയം താരത്തെ വിൽക്കാൻ ഒട്ടും താല്പര്യമില്ല എന്ന് ബൊറൂസിയ ആദ്യമേ നിലപാട് എടുത്തിരുന്നു. തുടർന്ന് ഓഗസ്റ്റ് പത്ത് യുണൈറ്റഡിന് മുൻപിൽ ഡെഡ്ലൈൻ ആയി നിശ്ചയിക്കുകയും കരാറിലെത്താൻ സാധിക്കാത്തതിനാൽ പത്താം തിയ്യതി തന്നെ കരാർ പുതുക്കിയ കാര്യം ബൊറൂസിയ അറിയിക്കുകയുമായിരുന്നു. ബാഴ്സയും റയലും താരത്തിന് വേണ്ടി രംഗത്ത് വന്നാൽ അത് യുണൈറ്റഡിന് തിരിച്ചടിയാണ് എന്ന കാര്യത്തിൽ സംശയമില്ല.