റയൽ മാഡ്രിഡിന്റെ മിന്നുംതാരത്തെ ടീമിലെത്തിക്കാൻ പ്രീമിയർ ലീഗ് ക്ലബ്.

അടുത്ത സീസണിൽ റയൽ മാഡ്രിഡിന് ആവിശ്യമില്ല എന്ന് സിദാൻ അറിയിച്ച താരങ്ങളാണ് ഹാമിഷ് റോഡ്രിഗസും ഗാരെത് ബെയ്‌ലും. എന്നാൽ റയൽ മാഡ്രിഡ്‌ വിടാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് ഗാരെത് ബെയ്ൽ വ്യക്തമാക്കിയിരുന്നു. പക്ഷെ തനിക്ക് ക്ലബ് വിടണമെന്നും എന്നാൽ തന്റെ ട്രാൻസ്ഫറിന് തടസ്സം നിൽക്കുന്നത് റയൽ മാഡ്രിഡ്‌ തന്നെയാണെന്നുമാണ് ഹാമിഷ് റോഡ്രിഗസ് ആരോപിച്ചിരുന്നത്. തന്നെ ആവിശ്യപ്പെട്ടു വരുന്നവരോട് അമിതതുക ചോദിക്കുകയാണ് റയൽ മാഡ്രിഡ്‌ ചെയ്യുന്നത് എന്നാണ് ഇതിന് കാരണമായി റോഡ്രിഗസ് പറഞ്ഞത്.

എന്നാലിപ്പോൾ താരം റയൽ മാഡ്രിഡ്‌ വിടലിന്റെ തൊട്ടടുത്താണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ എവെർട്ടൺ ആണ് താരത്തിന് വേണ്ടി രംഗത്തുള്ളത്. യൂറോപ്പിലെ പ്രമുഖമാധ്യമങ്ങൾ ഒക്കെ ഇത് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. റയൽ മാഡ്രിഡുമായി എവെർട്ടൺ ചർച്ചകൾ നടത്തുന്നുണ്ട്. പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് ഏറെ പ്രിയപ്പെട്ട താരമാണ് റോഡ്രിഗസ്. താരത്തെ എവർട്ടണിൽ എത്തിക്കാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം.

2014/15 സീസണിൽ റോഡ്രിഗസ് റയലിൽ കളിക്കുമ്പോൾ ആഞ്ചലോട്ടി ആയിരുന്നു പരിശീലകൻ. തുടർന്ന് 2017-ൽ ആഞ്ചലോട്ടി ബയേണിൽ ആയിരുന്നപ്പോൾ റോഡ്രിഗസിനെ ലോണിൽ ബയേണിലേക്ക് എത്തിക്കുകയും ചെയ്തു. ഇപ്പോഴിതാ എവർട്ടണിലേക്ക് സ്ഥിരമായി റോഡ്രിഗസിനെ എത്തിക്കാനുള്ള വഴിയാണ് ആഞ്ചലോട്ടി നോക്കുന്നത്. 29-കാരനായ താരത്തിനും ആഞ്ചലോട്ടിക്ക് കീഴിൽ പ്രവർത്തിക്കാൻ താല്പര്യമുണ്ട്. 25-30 മില്യൺ യുറോക്കിടയിൽ വേണം എന്നാണ് റയൽ മാഡ്രിഡിന്റെ നിലപാട്. ഈ തുക എവർട്ടൺ സമ്മതിച്ചേക്കും എന്നാണ് വാർത്തകൾ. റോഡ്രിഗസ് പ്രീമിയർ ലീഗിലേക്ക് കളം മാറാൻ തന്നെയാണ് ചാൻസ്. മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ ടീമിൽ എത്തിക്കാൻ നോക്കിയിരുന്നുവെങ്കിലും പിന്നീട് അത്‌ നടക്കാതെ പോവുകയായിരുന്നു.

Rate this post
English Premier LeagueEvertonJames RodriguezReal Madrid