2014-ലെ വേൾഡ് കപ്പിന് ശേഷം ഏറെ പ്രതീക്ഷകളോടെ റയൽ മാഡ്രിഡിൽ എത്തിയ താരമാണ് ജെയിംസ് റോഡ്രിഗസ്. എന്നാൽ താരത്തിന് വേണ്ട വിധത്തിൽ തിളങ്ങാനായില്ല. മാത്രമല്ല സിദാന് കീഴിൽ അവസരങ്ങളും കുറഞ്ഞു. തുടർന്ന് താരം ബയേണിൽ ലോണിൽ പോവുകയും പിന്നീട് റയലിലേക്ക് തിരിച്ചെത്തുകയും ചെയ്തു. പക്ഷെ റയൽ മാഡ്രിഡിന്റെ ആദ്യപതിനൊന്നിൽ ഇടംകണ്ടെത്താൻ സാധിച്ചില്ല. താരത്തെ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മറ്റേതെങ്കിലും ക്ലബിന് കൈമാറാൻ സിദാൻ ക്ലബിനോട് ആവിശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് വരെ അതിൽ തീരുമാനമുണ്ടായിട്ടില്ല.
എന്നാൽ ഇക്കാര്യത്തിലിപ്പോൾ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് ജെയിംസ് റോഡ്രിഗസ്. കഴിഞ്ഞ ദിവസം ഡാനിയൽ ഹാബിഫിന്റെ പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. തനിക്ക് റയൽ വിട്ട് മറ്റേതെങ്കിലും ക്ലബിൽ പോയി സ്ഥിരമായി കളിക്കണമെന്നും എന്നാൽ ക്ലബ് അതിന് സമ്മതിക്കുന്നില്ലെന്നുമാണ് റോഡ്രിഗസ് അറിയിച്ചത്. കളിക്കാൻ അവസരം കിട്ടാത്തത് തീർത്തും നിരാശാജനകമായ കാര്യമാണെന്നും എപ്പോഴും കളിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നും റോഡ്രിഗസ് പറഞ്ഞു. താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറും എന്ന വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ റയൽ അമിതവില ചോദിക്കുന്നതാണ് താരത്തെ മറ്റുള്ള ക്ലബുകളിലേക്ക് പോവുന്നതിൽ നിന്നും തടഞ്ഞു വെക്കുന്ന കാര്യമെന്നാണ് റിപ്പോർട്ടുകൾ.
” കളിക്കാതെ ഇരിക്കുന്നത് നിരാശാജനകമായ കാര്യമാണ്. എനിക്കറിയാം എനിക്ക് കളിക്കണമെന്നുണ്ടെങ്കിൽ നിബന്ധനകൾ ഉണ്ടെന്ന്. കാരണം എന്തെന്നാൽ എനിക്ക് ചെയ്യാനാവാത്തത് ചെയ്യാൻ കഴിയുന്ന മറ്റു താരങ്ങൾ ഉണ്ട്. ഞാൻ മോശം ഫുട്ബോൾ താരം ആണ് എന്നുണ്ടെങ്കിൽ ഞാൻ അത് സമ്മതിക്കുന്നു. പക്ഷെ എപ്പോഴും വിജയിക്കാനും മത്സരിക്കാനും ആഗ്രഹിക്കുന്ന ഒരു താരമാണ് ഞാൻ എന്നത് മറക്കരുത്. ചില താരങ്ങളുടെ മേൽ സിദാന് പ്രത്യേക അഭിരുചി ഉണ്ട് എന്നുള്ളത് സത്യമാണ്. അതിനെ ഞാൻ ബഹുമാനിക്കുകയും ചെയ്യുന്നു. അത്തരം കാര്യങ്ങളിൽ ഇടപെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ നിങ്ങളുടെ സഹതാരങ്ങൾക്ക് ലഭിക്കുന്ന അവസരം നിങ്ങൾക്ക് ലഭിക്കുന്നില്ല എന്നത് തീർച്ചയായും ബുദ്ദിമുട്ടേറിയ ഒരവസ്ഥയാണ്. എനിക്ക് ക്ലബ് വിടണം എന്നുണ്ട്. പക്ഷെ റയൽ എന്നെ അനുവദിക്കുന്നില്ല. എനിക്ക് കളിക്കാൻ പറ്റുന്ന ഏതെങ്കിലും ക്ലബ്ബിലേക്ക് പോവണം. എനിക്കിനി സിദാന്റെ കീഴിൽ അവസരം ഉണ്ടാവില്ല എന്നറിയാം. കാരണം അദ്ദേഹം ആദ്യമേ ഒരു അടിത്തറ ഉണ്ടാക്കിയെടുത്തിട്ടുണ്ട് ” റോഡ്രിഗസ് പറഞ്ഞു.