‘ഇന്ത്യയിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ,ഒരു ടീമായി കളിക്കുന്നത് അവരെ ശക്തരാക്കുന്നു’ : ജംഷഡ്പൂർ പരിശീലകൻ ഖാലിദ് ജമീൽ | Kerala Blasters

കലിംഗ സൂപ്പർ കപ്പിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ എഫ്‌സിയെ നേരിടും. തുടർച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്.ആദ്യ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഷില്ലോങ് ലജോങ്ങിനെ ബ്ലാസ്റ്റേഴ്‌സ് പരാജയപെടുത്തിയിരുന്നു.ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ രാത്രി 7 .30 നാണ് മത്സരം. മത്സരം സ്‌പോർട്‌സ് 18 ചാനലിൽ (ടിവി) തത്സമയം സംപ്രേക്ഷണം ചെയ്യും.ജിയോസിനിമ ആപ്പിലും വെബ്‌സൈറ്റിലും ഗെയിം ലൈവ് സ്ട്രീം ചെയ്യും.

ക്വാമെ പെപ്ര ആദ്യ പകുതിയിൽ ഇരട്ട ഗോളുകൾ നേടി ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു.സച്ചിൻ സുരേഷിന്റെ ഫൗളിന് ശേഷം ലഭിച്ച പെനാൽറ്റിയിൽ നിന്നും ഷില്ലോംഗ് സമനില പിടിച്ചു.രണ്ടാം പകുതിയുടെ തുടക്കത്തിൽ മുഹമ്മദ് ഐമൻ ഹെഡ്ഡറിലൂടെ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ നേടി. ആദ്യ മത്സരത്തിൽ ജംഷഡ്‌പൂർ നോർത്ത് ഈസ്റ്റിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.ജംഷഡ്പൂർ എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെതിരായ മുൻ നാല് മത്സരങ്ങളിൽ വിജയിച്ചില്ല.അത് അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് പരിശീലകൻ ഖാലിദ് ജമീൽ.

ജംഷഡ്പൂർ മുഖ്യ പരിശീലകൻ ഖാലിദ് ജാമിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു, തന്റെ കളിക്കാരുടെ ടീം വർക്കിനെ അഭിനന്ദിക്കുകയും കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ വരാനിരിക്കുന്ന നിർണായക മത്സരത്തിനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ഖാലിദ് ജാമിൽ തന്റെ ടീമിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.”ഇന്ത്യയിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അവർ നന്നായി കളിക്കുന്നുണ്ട് , അത്കൊണ്ട് തന്നെ അവരെ ഈസിയായി എടുക്കാൻ ആഗ്രഹിക്കുന്നില്ല.വിദേശ, ഇന്ത്യൻ താരങ്ങളുടെ നല്ല മിശ്രണമാണ് അവർക്കുള്ളത്. അവർ ഒരു ടീമായി കളിക്കുന്നത് അവരെ ശക്തരാക്കുന്നു” ഖാലിദ് ജമീൽ പറഞ്ഞു.

“ടീമിൽ ചേരാൻ എനിക്ക് ഈ അവസരം ലഭിച്ചതിൽ ഞാൻ വളരെ ഭാഗ്യവാനാണ്. ഇവിടെ വന്നതിന് ശേഷം ഇത് നല്ലതല്ല എന്ന് പറയുന്ന ഒരു പോയിന്റ് പോലും എനിക്ക് കിട്ടിയിട്ടില്ല. എനിക്ക് എല്ലാം കിട്ടിയിട്ടുണ്ട്. എനിക്ക് പെർഫോം ചെയ്താൽ മതി. പരിശീലകർക്കും കളിക്കാർക്കും നൽകുന്ന എല്ലാ സൗകര്യങ്ങളും ലോകോത്തര നിലവാരത്തിലുള്ളതാണ്. ഒരു സംശയവുമില്ല. എനിക്ക് അവസരം തന്നതിന് മാനേജ്മെന്റിനോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു” ജാംഷെഡ്പൂരിലെ അനുഭവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നവർക്ക് മാത്രമാണ് സെമിയിലേക്ക് മുന്നേറാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം അതിനിർണായകമാണ്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ തീർച്ചയായും സെമി സാധ്യതകൾ സജീവമായി നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കും.

Rate this post